അബുദാബി : ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ രണ്ട് വമ്പൻ തോൽവികൾക്കുശേഷം ഇന്ത്യക്ക് ബുധാഴ്ച അഫ്ഗാൻ ചലഞ്ച്. സെമിഫൈനൽ കാണാതെ പുറത്താകുമെന്ന ഭീതിയിലുള്ള ഇന്ത്യയും സെമി പ്രതീക്ഷയിലുള്ള അഫ്ഗാനിസ്താനും തമ്മിലുള്ള മത്സരം രാത്രി 7.30 മുതൽ അബുദാബിയിൽ. ആദ്യമത്സരത്തിൽ പാകിസ്താനോട് 10 വിക്കറ്റിനും പിന്നെ ന്യൂസീലൻഡിനോട് എട്ടു വിക്കറ്റിനും തോറ്റതിന്റെ ഞെട്ടലിൽനിന്ന് ഇന്ത്യ മുക്തരായിട്ടില്ല.
അഫ്ഗാനിസ്താനാകട്ടെ സ്കോട്ട്ലൻഡിനെ 130 റൺസിനും നമീബിയയെ 62 റൺസിനും തോൽപ്പിച്ചു. പാകിസ്താനോട് തോറ്റെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചു. റൺറേറ്റിൽ ഏറെമുന്നിലുള്ള അഫ്ഗാൻ ഇന്ത്യയെയും തോൽപ്പിച്ചാൽ സെമിയിലേക്ക് ഒരു പടികൂടി അടുക്കും. ബുധനാഴ്ച തോറ്റാൽ ഇന്ത്യ സെമി കാണില്ലെന്ന് ഉറപ്പാകും. ഒപ്പം ക്യാപ്റ്റൻ വിരാട് കോലിയുടെ കരിയറിലെ മായ്ക്കാനാകാത്ത മുറിവുമാകും. രണ്ടുമത്സരങ്ങളിലെ തോൽവിക്ക് പിന്നിൽ ടീം സെലക്ഷനിലെ പോരായ്മകളും ഉണ്ടെന്ന് വ്യാപകവിമർശനം ഉയർന്നു. ഇതോടെ, അഫ്ഗാനെതിരായ ഇലവൻ തെരഞ്ഞെടുപ്പ് സങ്കീർണമാകും. ആദ്യ രണ്ടുമത്സരങ്ങളും കളിക്കാത്ത സ്പിന്നർ ആർ.അശ്വിനെ കളിപ്പിക്കുകയും അദ്ദേഹം തിളങ്ങുകയും ചെയ്താൽ വിമർശനത്തിന്റെ ആക്കം കൂടും. അതേസമയം അശ്വിന് പകരം ഇറങ്ങിയ വരുൺ ചക്രവർത്തിക്ക് രണ്ടുമത്സരങ്ങളിലും വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ല. വരുണിനെ വീണ്ടും കളിപ്പിച്ചാലും വിമർശനമുണ്ടാകും.
രണ്ടുമത്സരങ്ങളിലും അവസരം ലഭിച്ച ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കും അത് മുതലാക്കാനായില്ല. ആദ്യമത്സരത്തിൽ കളിച്ച സൂര്യകുമാർ യാദവിന് പരിക്കായതിനാലാണ് ന്യൂസീലൻഡിനെതിരേ ഇഷാൻ കിഷനെ കളിപ്പിച്ചത്. അഫ്ഗാനെതിരേ ഹാർദിക്കിനെ പുറത്തിരുത്തി ഇഷാൻ, സൂര്യകുമാർ എന്നിവരെ ഇറക്കുമെന്ന സൂചനയുണ്ട്. ന്യൂസീലൻഡിനെതിരേ രോഹിതിനെ വൺഡൗണായാണ് ഇറക്കിയത്. ആ പരീക്ഷണം തുടരാൻ ഇടയില്ല. രണ്ടുമത്സരങ്ങളിലും പരാജയമായ രോഹിതിനും തിരിച്ചുവരേണ്ടതുണ്ട്. അഫ്ഗാനിസ്താന്റെ ഓപ്പണർമാരായ ഹസ്രത്തുള്ള സസായ്, മുഹമ്മദ് ഷഹസാദ് എന്നിവർ നല്ല ഫോമിലാണ്. പേസർ നവീൻ ഉൾഹഖ്, ലോകത്തെ മികച്ച ബൗളർമാരിലൊരാളായ റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, മുഹമ്മദ് നബി എന്നിവരടങ്ങിയ സ്പിൻ നിരയും കരുത്തരാണ്.