കണ്ണൂര്‍ : ക്രമംതെറ്റി മഴ കനത്തു പെയ്യുന്നതോടെ കൃഷിക്ക് ഭീഷണിയായി വീണ്ടും ആഫ്രിക്കൻ ഒച്ചുകൾ. കുമിൾ രോഗങ്ങളും വ്യാപിക്കുന്നു. മഴക്കാലം തുടങ്ങിയതോടെ ജില്ലയിൽ പലയിടത്തും ആഫ്രിക്കൻ ഒച്ചുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ കൃഷിവകുപ്പിന്റെ നിർദേശ പ്രകാരം തുരിശ് ലായിനിയുപയോഗിച്ചും നനഞ്ഞ ചണച്ചാക്കിൽ കാബേജിന്റെയും പപ്പായയുടെയും തൊലിയും ഇലകളും വിതറി ഇവയെ ആകർഷിച്ച് ഉപ്പുവെള്ളം ഉപയോഗിച്ച് കൊന്ന് കുഴിച്ചുമൂടിയും ഇവയുടെ വ്യാപനം തടഞ്ഞിരുന്നു.
ഇവയെ ഭക്ഷിക്കുന്ന താറാവുകളെ വളർത്തിയും കൃഷിക്കാർ പ്രതിരോധം തീർത്തു. എന്നാൽ മഴ കനത്തു പെയ്തതോടെ ജില്ലയിൽ പലയിടത്തും ഇവ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പയ്യാമ്പലംഭാഗത്തുള്ള ദിനേശ് ബീഡി ആസ്ഥാനത്തെ വാഴത്തോട്ടത്തിലാണ് ഒച്ചുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടത്. വാഴകളിലും മറ്റ് ചെടികളിലും കിണറിന്റെ പരിസരങ്ങളിലും വ്യാപകമായി ഒച്ചുകളുണ്ട്.
രണ്ടുമാസം മുൻപും ഇവിടെത്തന്നെയാണ് ആദ്യം ഒച്ചുകൾ പ്രത്യക്ഷപ്പെട്ടത്. നേരത്തേ സ്വീകരിച്ച മാർഗമുപയോഗിച്ച് ഒച്ചുകളെ നശിപ്പിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ. മഴ ശമിക്കാത്തതിനാൽ കുമിൾരോഗങ്ങളും കൃഷിയ്ക്ക് ഭീഷണിയായിട്ടുണ്ടെന്ന് ജില്ലാ കൃഷിവിജ്ഞാന കേന്ദ്രം അധികൃതർ പറഞ്ഞു. തെങ്ങിനും കവുങ്ങിനും ഓലചീയലാണ് രോഗലക്ഷണം.
കുരുമുളകിന് ദ്രുതവാട്ടവും. പയ്യാവൂർ, കൂവേരി എന്നിവിടങ്ങളിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൃഷിയിടങ്ങളിൽ അമിതമായി ഈർപ്പം കെട്ടിനിൽക്കുന്നതിനാലാണ് ഈ രോഗങ്ങൾ പടരുന്നത്. മഴകുറഞ്ഞാൽ പ്രശ്നത്തിന് പരിഹാരമാവുമെന്ന് കൃഷിവകുപ്പുദ്യോഗസ്ഥർ പറയുന്നു.