അടൂർ : അറ്റകുറ്റപ്പണി കഴിഞ്ഞ് നിരത്തിലിറങ്ങി അടൂർ ഗവ.എൽ.പി., യു.പി. സ്കൂള്‍ ബസ്. മാസങ്ങളായി കട്ടപ്പുറത്തായിരുന്ന ബസാണ് പ്രവാസി മലയാളിയുടെ കരുണയിൽ അറ്റകുറ്റപണികൾ കഴിഞ്ഞ് സ്കൂളിന് ലഭിച്ചത്. ബസിന്റെ അടിത്തറവരെ ഇളകി ഓടാതെ സ്കൂൾ മുറ്റത്ത് കാറ്റും മഴയും വെയിലുമൊക്കെയേറ്റ് കിടക്കുന്ന സാഹചര്യമായിരുന്നു. അറ്റകുറ്റപ്പണികൾ ചെയ്യാൻ കാശില്ലാത്തതായിരുന്ന പ്രധാന പ്രശ്നം. അടൂർ ജനമൈത്രി പോലീസ് സമിതിയംഗം എസ്.ഹർഷകുമാറും ഏഴംകുളം ജനമൈത്രി അംഗം നിസ്സാർ റാവുത്തറും ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി മലയാളി അടൂർ നടക്കാവിൽ വീട്ടിൽ ജിജി കോശി ബസിന്റെ അറ്റകുറ്റപ്പണികൾക്കുള്ള സാമ്പത്തിക സഹായം നൽകിയത്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് അടൂർ ഗവ. എൽ.പി. സ്കൂളിലേറെയും.
2016-ൽ ചിറ്റയം ഗോപകുമാർ എം.എൽ.എ. നൽകിയതാണ് സ്കൂൾ ബസ്. ഇടക്കാലത്ത് ബസിന്റെ ചക്രങ്ങൾ മോശമായപ്പോൾ നഗരസഭാ കൗൺസിലർ ഡി.സജി ഇടപെട്ടാണ് പരിഹാരമുണ്ടാക്കിയത്. കൂടാതെ ബസിന്റെ ഇൻഷുറൻസ് എടുത്തുനൽകിയത് അഡ്വ. ആദിത്യ രാജുവാണ്. സ്കൂളിൽനടന്ന ചടങ്ങിൽ ബസിന്റെ താക്കോൽ അടൂർ പോലീസ് ജനമൈത്രി സമിതിയംഗങ്ങളായ നിസ്സാർ, എസ്.ഹർഷകുമാർ, അടൂർ നഗരസഭാ കൗൺസിലർമാരായ ഡി.സജി, അലാവുദ്ദീൻ എന്നിവർ ചേർന്ന് സ്കൂൾ പ്രഥമാധ്യാപകരായ ബി.മിനി, എം.ശ്രീജ എന്നിവർക്ക് നൽകി. യു.പി.സ്കൂൾ പി.ടി.എ. പ്രസിഡന്റ് ഷെമീമ, എൽ.പി.സ്കൂൾ പി.ടി.എ. പ്രസിഡന്റ് ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.