ന്യൂഡല്‍ഹി : രാജ്യത്ത് മൂന്ന് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തെലങ്കാനയിലെ ഹൈദരാബാദിലാണ് രോഗബാധ. ഏഴ് വയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. ഹൈദരാബാദിലെത്തിയ കെനിയ, സെമാലിയ പൗരന്‍മാര്‍ക്കും കൊല്‍ക്കത്തയില്‍ പോയി മടങ്ങിയ കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ഒമിക്രോണ്‍ വേരിയന്‍റ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദ് വിമാനത്താവളത്തിലെ പരിശോധന കര്‍ശനമാക്കിയിരുന്നു. 11 റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു.
ഡല്‍ഹിയിലും രാജസ്ഥാനിലും പുതിയ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. രാജസ്ഥാനില്‍ പുതുതായി നാലുപേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംസ്ഥാനത്തെ മറ്റു ഒമിക്രോണ്‍ ബാധിതരുടെ പരിശോധന ഫലം നെഗറ്റീവായെന്നും രാജസ്ഥാന് ആരോഗ്യമന്ത്രി പ്രസാദി ലാല്‍ മീണ അറിയിച്ചു. ഡല്‍ഹിയിലും പുതുതായി നാല് ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആറ് ആയതായി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 20 ആണ് ഇവിടെ രോഗബാധിതരുടെ എണ്ണം. രാജസ്ഥാന് കര്‍ണാടക, ഗുജറാത്ത്, കേരള, ആന്ധ്രപ്രദേശ്, ഡല്‍ഹി, ഛണ്ഡീഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗം സ്ഥിരീകരിച്ചിരുന്നു.