ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തികരമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് കര്‍ണാടകത്തിലെ ഒരു സ്‌കൂളിനും മാനേജ്‌മെന്റിനുമെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. സ്‌കൂളില്‍ അരങ്ങേറിയ നാടകത്തില്‍ പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് കേസ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള നാടകത്തിലായിരുന്നു പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 A 504 വകുപ്പുകള്‍ അനുസരിച്ചാണ് ഷഹീന്‍ സ്‌കൂളിനും മാനേജ്‌മെന്റിനുമെതിരെ കേസെടുത്തത്. നാട്ടുകാരനായ നീലേഷ് രക്ഷ്യാലിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസിന്റെ നടപടി. നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് പൗരത്വ നിയമത്തിനെതിരായ നാടകം അവതരിപ്പിച്ചത്. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് പോലീസ് സ്‌കൂളിലെ ടീച്ചര്‍മാരെയും രക്ഷിതാക്കളെയും പിഡിപ്പിക്കുകയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തിലായിരുന്നു നാടകം അരങ്ങേറിത്. സര്‍ക്കാരിനെ വിമര്‍ശിച്ച് നാടകം അവതരിപ്പിച്ച നടപടി രാജ്യദ്രോഹമാണെന്നായിരുന്നു പരാതി. കര്‍ണാടകത്തില്‍നിന്നുള്ള ബിദാര്‍ ആസ്ഥാനമായുള്ള മുസ്ലീം മാനേജ്‌മെന്റാണ് വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണ്. പൗരത്വ നിയമത്തെ മോശമായി ചിത്രീകരിച്ചും മുസ്ലീങ്ങള്‍ക്ക് ഇതുമൂലം രാജ്യം വിടേണ്ടിവരുമെന്നുമുള്ള ആശയമാണ് നാടകത്തില്‍ ആവിഷ്‌ക്കരിച്ചത്. നാടകം ഫേസ്ബുക്കില്‍ ലൈവായി കാണിച്ചിരുന്നു. ഇതുവരെ അറസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്നും ബിദാര്‍ എസ്പി എല്‍ ശ്രീധര പറഞ്ഞു.
നാടകം അവതരിപ്പിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടികളെ പോലിസ് ചോദ്യം ചെയ്യുകയാണ്. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വക്താവ് തൗസീഫ് സാബ് പറഞ്ഞു. എട്ടും ഒമ്പതും വയസ്സുള്ള വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ മാസം മംഗലുരുവിന് സമീപം ശ്രീ രാമ സ്‌കൂളില്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തത് പുനരാവിഷ്‌ക്കരിച്ചത് വലിയ വിവാദമാണ് ഉണ്ടാക്കിയത്. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ ആ സകൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്തിരുന്നു. ഇതിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല