തിരുവനന്തപുരം: വീടുകളുടെയും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെയും ഉടമസ്ഥരില്‍ നിന്ന് കെട്ടിടനിര്‍മ്മാണ സെസ് കുടിശിക പിരിക്കാനുള്ള തീവ്രയജ്ഞം ധൂർത്തടിക്കുന്ന ഇടത് പക്ഷ സർക്കാരിൻ്റെ അധാർമിക നടപടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആർ സിയാദ് പറഞ്ഞു. സർക്കാർ നടപടി ജനങ്ങൾക്ക് അധികഭാരമാവും.1995 നവംബര്‍ മൂന്നിനു ശേഷം 10 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിച്ചു നിര്‍മ്മിച്ച വീടുകള്‍ക്കും വാണിജ്യ കെട്ടിടങ്ങള്‍ക്കും ചെലവഴിച്ച തുകയുടെ ഒരു ശതമാനം സെസ് ഒറ്റത്തവണയായി മാര്‍ച്ച് 31ന് മുമ്പ് സമാഹരിക്കുകയാണ് സർക്കാർ ലക്ഷ്യം. ആറു ലക്ഷത്തോളം കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് അയച്ചു കഴിഞ്ഞുവെന്നാണ് വിവരം.
6000 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി പിരിച്ചെടുക്കാനാണ് ശ്രമം. 2000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് 17,000 രൂപയ്ക്കു മുകളിലാണ് നോട്ടിസ് പ്രകാരം പണം അടയ്‌ക്കേണ്ടിവരുന്നത്. ഇത്രയും തുക ഒറ്റത്തവണയായി അടയ്‌ക്കുന്നത് സാമ്പത്തികമായി പ്രയാസപ്പെടുന്ന സാധാരണക്കാർക്ക് ബാധ്യതയാകും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച വീടുകള്‍ക്ക് വരുന്ന വലിയ കുടിശ്ശികതുക പല ഉടമകൾക്കും താങ്ങാനാകുന്നതല്ല. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ഷെഡുകള്‍, റൂഫിങ് ഷീറ്റ് കൊണ്ട് മേല്‍ക്കൂര നിര്‍മ്മിച്ച ഗോഡൗണുകള്‍, വര്‍ക്ക് ഷെഡുകള്‍ ഫാമുകള്‍ എന്നിവയ്ക്ക് പ്രത്യേകനിരക്കാണ് ഈടാക്കുന്നത്.
നിര്‍മ്മാണ സാമഗ്രികളുടെ നികുതി, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട നികുതി, ആഡംബര നികുതി, ഒറ്റത്തവണ നികുതി എന്നിവയ്ക്ക് പുറമെയാണ് സെസ് അടയ്ക്കേണ്ടത്. കെ എസ് ഇ ബി പിരിച്ചെടുക്കേണ്ട 3000 കോടി അടക്കം വൻ വ്യവസായികളിൽ നിന്ന് ലഭിക്കേണ്ട കോടികൾ പിരിച്ചെടുക്കാൻ ഈ സർക്കാരിന് സാധിച്ചിട്ടില്ല. ഇതേ സർക്കാരാണ് കഴിഞ്ഞ 25 വർഷം മുമ്പുമുതലുള്ള കുടിശ്ശിക സാധാരണക്കാരിൽ നിന്ന് പിരിച്ചെടുക്കാൻ ശ്രമിക്കുന്നത്. കുടിശ്ശികയിൽ ഇളവുകളും തവണകളും നൽകി ജനങ്ങളുടെ ഭാരം കുറയ്ക്കാൻ സർക്കാർ തയ്യറാകണമെന്നും ജനവികാരം മാനിക്കണമെന്നും പി ആർ സിയാദ് ആവശ്യപ്പെട്ടു.