ഡൽഹി: മഹാരാഷ്ട്രയിൽ മറാത്ത സംവരണ പ്രക്ഷോഭം അക്രമാസക്തമാകുന്നു. എൻ.സി.പി എം.എൽ.എമാരുടെ വീട് ആക്രമിച്ച പ്രക്ഷോഭകർ വാഹനങ്ങൾ കത്തിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത വേദിയിലും പ്രതിഷേധമുണ്ടായി. സംഘടിച്ചെത്തിയ പ്രതിഷേധക്കാർ എൻ.സി.പി എം.എൽ.എ പ്രകാശ് സോളങ്കെയുടെ മജൽഗാവിലെ വീട് ആക്രമിച്ചു. വീടിനുമുന്നിലെ വാഹനങ്ങൾ കത്തിച്ച് ഭീകാരന്തരീക്ഷം സൃഷ്ടിക്കുകയും ജനൽച്ചില്ലുകൾ കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തു. സർക്കാർ ജോലി, വിദ്യഭ്യാസം സംവരണം ആവശ്യപ്പെട്ടുകൊണ്ടാണ് പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭവുമായി മുന്നോട്ട് പോകും. വർഷങ്ങളായി ഈ ആവശ്യം ഉന്നയിക്കുകയാണ്.
എന്നാൽ സർക്കാരുകൾ തങ്ങൾക്കനുകൂലമായ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് ഇത്തരത്തിൽ വ്യാപകമായി പ്രക്ഷോഭം നടത്താൻ തങ്ങൾ നിർബന്ധിതരായതെന്നും പ്രക്ഷോഭകർ പറഞ്ഞു. സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട് വിശദമായി പഠിക്കാൻ പ്രത്യേക സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ നിർദേശം പരിശോധിച്ച ശേഷം ആവശ്യമായ നടപടികൾ കൈകൊള്ളുമെന്നും മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ പറഞ്ഞു. സമരം തെറ്റായ ദിശയിലാണെന്നും അക്രമത്തിൽ നിന്ന് പിൻമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.