അബുദാബി : യുദ്ധത്തിൽ പ്രതിസന്ധിയിലായ ഗാസയിലെ ജനങ്ങളെ സഹായിക്കാനുള്ള വിവിധ സംരംഭങ്ങൾ എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇ.ആർ.സി.) തുടരുന്നു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം നവംബറിൽ ആരംഭിച്ച ഗാലന്റ് നൈറ്റ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായുള്ള സഹായവിതരണം ഇതുവരെ 3,11,730 പേർക്ക് പ്രയോജനകരമായി.
ഭക്ഷണം, ശുചിത്വ കിറ്റുകൾ, മരുന്ന്, താമസ ടെന്റുകൾ, വസ്ത്രം എന്നിവയുൾപ്പടെയുള്ള അവശ്യവസ്തുക്കളാണ് ഇ.ആർ.സി. യുടെ നേതൃത്വത്തിൽ ഗാസയിൽ വിതരണം ചെയ്യുന്നത്. പ്രദേശത്ത് ശൈത്യം കടുത്തതോടെ 16.5 ലക്ഷം ശൈത്യകാല വസ്ത്രങ്ങളും യു.എ.ഇ. ശേഖരിച്ച് നൽകിയിരുന്നു. റഫാ, ഖാൻ യൂനിസ്, സെൻട്രൽ ഗവർണേറ്റ് എന്നിവിടങ്ങളിലെ ദുരിത ബാധിതർക്ക് ഭക്ഷണം നൽകാനായി 11 ചാരിറ്റി അടുക്കളകളും ആരംഭിച്ചിരുന്നു.