ന്യൂഡൽഹി : അന്തരീക്ഷത്തിലെ പാർട്ടിക്കുലേറ്റ് മാറ്റർ 2.5 (പിഎം 2.5) കാരണം കഴിഞ്ഞ വർഷം ഡൽഹിയിൽ 54,000 പേർ മരിച്ചുവെന്നു പഠനം. ഗ്രീൻപീസ് സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ‘ഐക്യു എയർ ഡേറ്റ’ റിപ്പോർട്ടിലാണ് ആശങ്കപ്പെടുത്തുന്ന കണക്കുകൾ. 10 ലക്ഷം പേരിൽ 1800 മരണങ്ങൾ വായുമലിനീകരണം കാരണമുണ്ടാകുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്ന പരിധിക്കും ആറിരട്ടി വരെ മുകളിലായിരുന്നു കഴിഞ്ഞ വർഷം ഡൽഹിയിലെ വായു മലിനീകരണം.
വായുമലിനീകരണം ഡൽഹിക്കു കടുത്ത സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നുവെന്നും പഠനം പറയുന്നു. കഴിഞ്ഞ വർഷം 8.1 ബില്യൻ യുഎസ് ഡോളർ (58,895 കോടി രൂപ) നഷ്ടമുണ്ടായി. ഡൽഹിയുടെ വാർഷിക ജിഡിപിയുടെ 13 ശതമാനമാണിത്. ലോകത്തിലെ വായുമലിനീകരണം ഏറ്റവും രൂക്ഷമായ 5 നഗരങ്ങളിലെ 160,000 മരണത്തിനു കാരണം പിഎം 2.5 ആണെന്നാണ് പഠനം. കഴിഞ്ഞ വർഷമാദ്യം ലോക്ഡൗണിനെ തുടർന്നു നഗരത്തിലെ വായുനില വളരെ മെച്ചപ്പെട്ടിരുന്നു. എന്നാൽ കാർഷിക വിള അവശിഷ്ടങ്ങളുടെ കത്തിക്കലും സ്വകാര്യ വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങിയതുമെല്ലാം വായുനില വീണ്ടും മോശമാകാൻ കാരണമായി.