കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ റാസ്പുടിന്‍ നൃത്തത്തിന് പിന്തുണയുമായി സിറോ മലബാര്‍ സഭ അങ്കമാലി അതിരൂപത. വിദ്വേഷ പ്രചരണം സാമൂഹിക മനോരോഗമായി മാറിയെന്ന് അതിരൂപത മുഖപത്രം സത്യദീപത്തിലെ ലേഖനം പറയുന്നു. സഹവര്‍ത്തിത്വത്തിന്റെ സന്തോഷം മതേതര കേരളം മറന്ന് തുടങ്ങിയത് മാന്യമല്ലാത്ത മാറ്റമാണ്. മത തീവ്രവാദത്തിന്റെ വില്പന സാധ്യത ആദ്യം തിരിച്ചറിഞ്ഞത് രാഷ്ട്രീയ നേതൃത്വമാണെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മതത്തിന്റെ പേരില്‍ പരസ്യമായി വോട്ട് പിടിക്കുന്ന അവസ്ഥയിലേക്ക് ജനാധിപത്യ കേരളമെത്തി. അയ്യപ്പനുവേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന രീതിയിലായി പ്രചാരണം. മതേതരത്വത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന തീവ്ര ചിന്ത ക്രൈസ്തവരും പങ്കുവെയ്ക്കുന്നു എന്ന് അഭിപ്രായപ്പെട്ട ലേഖനം പി സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. പി സി ജോര്‍ജിന്റെ ഹിന്ദു രാഷ്ട്ര പരാമര്‍ശം പടരുന്ന വിഷ ചിന്തയുടെ സൂചനയാണെന്നാണ് ലേഖനത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.