തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ. സ്ഥാനമാനം ഉറപ്പിക്കുകയല്ല, നിലപാടാണ് സിപിഐയുടെ രാഷ്ട്രീയം. ഇടതുപക്ഷ ഐക്യത്തിന് വേണ്ടി മുഖ്യമന്ത്രി പദം പോലും വിട്ടുകൊടുക്കാൻ തയ്യാറായ രാഷ്ട്രീയ പാരമ്പര്യമാണ് സിപിഐയുടേത്. വി. ശിവൻകുട്ടി ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നത് നല്ലതാണ് എന്നും ടി. ടി. ജിസ്‌മോൻ ഓർമ്മപ്പെടുത്തി.പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കത്തിൽ പിണറായി വിജയനെതിരെ സി.പി.ഐ മുഖപത്രത്തിൽ വിമർശനമുണ്ടായതിന് പിന്നാലെ സി.പി.ഐയെ രൂക്ഷമായി വിമർശിച്ച് വി. ശിവൻകുട്ടി രംഗത്തെത്തി. പിണറായി വിജയൻ നടത്തിയത് മുന്നണി മര്യാദയുടെയും ധാർമ്മികതയുടെയും ലംഘനമാണെന്ന് ലേഖനത്തിൽ വിമർശിച്ചു.
താൻ തീരുമാനിക്കും എല്ലാം താനാണ് എന്ന ഭാവം മുന്നണി രാഷ്ട്രീയത്തിന് നല്ലതല്ലെന്നും പിണറായിയുടെ നിലപാട് ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്നും ലേഖനത്തിൽ പറയുന്നു. എന്നാൽ ഈ വിമർശനത്തിന് പിന്നാലെ സി.പി.ഐയെ രൂക്ഷമായി കടന്നാക്രമിച്ച് വി. ശിവൻകുട്ടി മറുപടി നൽകി. മുന്നണിയെ ശക്തിപ്പെടുത്താൻ താല്പര്യപ്പെടാത്ത പാർട്ടിയാണ് സി.പി.ഐ എന്നും രാഷ്ട്രീയ മര്യാദ ലംഘിച്ചത് അവരാണെന്നും ശിവൻകുട്ടി ആരോപിച്ചു. പിണറായി വിജയൻ സ്വീകരിച്ച നിലപാട് പൂർണ്ണമായും ജനാധിപത്യപരമാണ്. മുന്നണിയിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ മാധ്യമങ്ങളിലൂടെ വിളിച്ച് പറയുന്ന രീതിയാണ് സി.പി.ഐയുടേതെന്നും പ്രതിപക്ഷ ഉപനേതാവ് പദവി എപ്പോഴും സി.പി.ഐ.എം കൈകാര്യം ചെയ്തിട്ടുള്ളതാണെന്നും അത് മാറ്റേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.































