മുംബൈ : മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും ഭാര്യയുടെയും സ്വത്ത് കണ്ടുകെട്ടി. 2010-ല്‍ 65 കോടി രൂപയ്ക്കു വാങ്ങിയ സതാരയിലെ ജരതേശ്വര്‍ സഹകരണ ഷുഗര്‍ ഫാക്ടറിയടക്കമുള്ള സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 25,000 കോടി രൂപയുടെ കുംഭകോണം നടത്തിയെന്ന കേസിലാണ് ഇഡിയുടെ നടപടി.
അജിത് പവാറിന്റെയും ഭാര്യയുടെയും പേരില്‍ നടന്ന അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് ഇ.ഡി നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. എന്‍ഫോഴ്സ്‌മെന്റ് നടപടി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് വ്യാഴാഴ്ച സ്വത്ത് കണ്ടുകെട്ടിയത്.
അജിത് പവാറിന്റെയും ഭാര്യ സുനേത്ര പവാറിന്റെയും ഉടമസ്ഥതയിലുള്ള കമ്പനിയാണ് സ്പാര്‍ക്ക്ലിംഗ് സോയില്‍ പ്രൈവറ്റ് ലിമിറ്റഡ്. ഗുരു കമ്മോഡിറ്റി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഡമ്മി കമ്പിനിയുടെ പേരില്‍ കൈവശം വെച്ചിരിക്കുന്നതും ജരന്ധേശ്വര്‍ ഷുഗര്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡിന് പാട്ടത്തിനെടുത്തതുമാണ്. ജരന്ധേശ്വര്‍ ഷുഗര്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിപക്ഷം ഓഹരികള്‍ സ്പാര്‍ക്കിംഗ് സോയില്‍ പ്രൈവറ്റ് ലിമിറ്റഡിനുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് ചെയ്തു.
സത്താറയിലെ ജരന്ധേശ്വര്‍ സഹകാരി ഷുഗര്‍ മില്‍ കൂടാതെ ഭൂമി, കെട്ടിടങ്ങള്‍, പ്ലാന്റ്, യന്ത്രസാമഗ്രികള്‍ എന്നിവ ഉള്‍പ്പെടെ 65.75 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയിരിക്കുന്നത്. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അജിത് പവാര്‍ പ്രതികരിച്ചു. പഞ്ചസാര ഫാക്ടറി ഇ.ഡി കണ്ടുകെട്ടിയതായി തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2007-2011 കാലത്താണ് സംഭവം. അജിത് പവാറിനെ കൂടാതെ ബാങ്കിലെ 70 മുന്‍ ഭാരവാഹികളും പ്രതികളാണ്. പവാര്‍ കുടുംബത്തിനു ബന്ധമുള്ളതടക്കം നഷ്ടത്തിലായ ഒട്ടേറെ സഹകരണ സംഘങ്ങള്‍ക്കു വന്‍തോതില്‍ വഴിവിട്ടു വായ്പ അനുവദിച്ചെന്നാണു കേസ്. പൂനെ ജില്ലാ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നായി 700 കോടി രൂപ വായ്പയെടുക്കുന്നതിനായി ജരന്ധേശ്വര്‍ സഹകാരി ഷുഗര്‍ മില്‍സിനെ ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് 2010ല്‍ നടത്തിയ ലേലത്തില്‍ നിബന്ധനകള്‍ പാലിക്കാതെയും വിപണിവിലയിലും കുറഞ്ഞ തുകയ്ക്കുമാണ് ജരന്ധേശ്വര്‍ സഹകാരി ഷുഗര്‍ മില്‍ വില്‍പ്പന നടത്തിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. ഇക്കാലത്ത് അജിത് പവാര്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. അജിത് പവാറിനു വേണ്ടിയാണ് ലേലത്തില്‍ തിരിമറി നടത്തിയതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. മുംബൈ പോലീസ് 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തിയത്.