തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏകകണ്ഠമായി തീരുമാനം ഉണ്ടാകും. സി.പി.എം എന്നാല്‍ പിണറായി മാത്രമായി മാറി. ജനാധിപത്യത്തില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതാവുണ്ടാകാന്‍ പാടില്ലെന്നും എ.കെ. ആന്റണി പറഞ്ഞു.
2004 ഓടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം താന്‍ അവസാനിപ്പിച്ചതാണ്. 2022 ല്‍ രാജ്യസഭ കാലാവധി കഴിയും. അതോടെ പാര്‍ലമെന്റ് രാഷ്ട്രീയം പൂര്‍ണമായും അവസാനിപ്പിക്കും. കോണ്‍ഗ്രസ് മുമ്പ് സമ്പന്നമായ പാര്‍ട്ടിയായിരുന്നു. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അത് ദൃശ്യമാണ്. സാധാരണ കോണ്‍ഗ്രസിലാണ് തെരഞ്ഞെടുപ്പ് കാലത്ത് പ്രശ്‌നങ്ങളുണ്ടാവുക. ഇത്തവണ സി.പി.എമ്മിലും കലാപമുണ്ടായി.
ലതിക സുഭാഷിന്റെ കാര്യത്തില്‍ സങ്കടമുണ്ട്. സര്‍വേകളെ പോസിറ്റീവ് ആയാണ് കാണുന്നത്. കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരും. പിണറായിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെക്കുറിച്ച് ഒരു വീണ്ടുവിചാരമുണ്ടാകാന്‍ അഞ്ച് വര്‍ഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് നല്ലത്. നേമം ബി.ജെ.പിയുടെ ശക്തികേന്ദ്രമൊന്നും അല്ല. കഴിഞ്ഞ തവണ നേമത്ത് ജയിച്ചത് ബി.ജെ.പിയല്ല. നേമത്ത് ജയിച്ചത് ഒ.രാജഗോപാലാണ്. രാജഗോപാലിനോട് തിരുവനന്തപുരത്തുകാര്‍ക്ക് സഹതാപം തോന്നിയതാണ്. ഇത്തവണ ഞങ്ങള്‍ ഇറക്കിയത് കെ. കരുണാകരന്റെ മകനെയാണ്. മുരളീധരന്‍ നേമത്ത് വിജയിച്ചുകയറുമെന്നും എ.കെ ആന്റണി പറഞ്ഞു.