തിരുവനന്തപുരം: കേരളത്തിലെ ഇതിഹാസ നായികയാണ് കെ.ആര്‍ ഗൗരിയമ്മയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ഇത്തരത്തില്‍ വിപ്ലവപരമായ ചരിത്രം സൃഷ്ടിച്ച രാഷ്ട്രീയ നേതാക്കള്‍ ചുരുക്കമാണെന്നും തന്റെ മന്ത്രിസഭയില്‍ കെ ആര്‍ ഗൗരിയമ്മ മന്ത്രിയായിരുന്നുവെന്നത് ബഹുമതിയായി കാണുന്നുവെന്നും എകെ ആന്റണി പറഞ്ഞു.
വിപ്ലവപരമായ ചരിത്രം സൃഷ്ടിച്ച രാഷ്ട്രീയ നേതാക്കള്‍ ചുരുക്കമാണ്. വിദ്യാര്‍ത്ഥി കാലം മുതല്‍ രാഷ്ട്രീയ രംഗത്തേക്ക് വന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. നിരവധി ത്യാഗങ്ങളും കഷ്ടപ്പാടും ജയില്‍ശിക്ഷയും അനുഭവിക്കേണ്ടി വന്നു. ഗൗരിയമ്മയാണ് കേരളത്തിലെ കുടിയാന്മാര്‍ക്കും പാട്ടക്കാര്‍ക്കും പാരക്കാര്‍ക്കെല്ലാം മോചനം നല്‍കിയത്. ഗൗരിയമ്മ അവതരിപ്പിച്ച ബില്ലില്‍ കൂടിയാണ് പാവപ്പെട്ട കുടിയാന്മാര്‍ക്ക് ഭൂമി ലഭിച്ചത്.
ഇന്ത്യയില്‍ ആദ്യമായി സമഗ്രമായ കാര്‍ഷിക പരിഷ്‌കരണ നിയമം അവതരിപ്പിച്ചതും പാസാക്കിയതും നടപ്പിലാക്കിയതും ഗൗരിയമ്മാണ്. അത് ഇന്ത്യയിലുടനീളം കൊടുങ്കാറ്റായി. കാര്‍ഷിക പരിഷ്‌കരണത്തിന്റെ ഒന്നാമത്തെ അവകാശി കെആര്‍ ഗൗരിയമ്മയാണ്. വ്യക്തിപരമായ സൗഹൃദത്തിന് രാഷ്ട്രീയമോ മതമോ രാഷ്ട്രീയമോ ഇല്ല.
ഗൗരിയമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം പ്രണയിച്ച് കല്യാണം കഴിച്ച ടിവി തോമസുമായിട്ടുള്ള ബന്ധത്തിലെ വിള്ളലായിരുന്നു. എന്നാല്‍ അവസാനകാലം വരെ ഇഷ്ടവും സ്‌നേഹവും ബഹുമാനവും ഉണ്ടായിരുന്നത് ടിവി തോമസിനോടായിരുന്നു. കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരിയമ്മ ഭരിക്കട്ടെയെന്ന് പറഞ്ഞ പാര്‍ട്ടി അവരെ മുഖ്യമന്ത്രിയാക്കാതിരുന്നതും കെആര്‍ ഗൗരിയമ്മയെ ദുഃഖിപ്പിച്ചു – എകെ ആന്റണി പറഞ്ഞു.