തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. ഷൗക്കത്ത് മതനിരപേക്ഷത ഉയർത്തുന്ന നേതാവാണെന്നും ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസ് വള പൊട്ടുന്നത് പോലെ പൊട്ടുമെന്നും എ.കെ ബാലൻ പറഞ്ഞു. അതേസമയം ആര്യാടൻ ഷൗക്കത്തിനെതിരായ പരാതി ചർച്ച ചെയ്യാൻ കെപിസിസി അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. ഷൗക്കത്ത് ഇന്ന് അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്താണ് യോഗം.
ഷൗക്കത്തിനെതിരെ എന്ത് നടപടി വേണമെന്ന് അച്ചടക്ക സമിതിയാണ് നിർദേശിക്കുക. ഒരാഴ്ച്ചക്കകം റിപ്പോർട്ട് നൽകാനാണ് കെപിസിസിയുടെ നിർദേശം. കടുത്ത നടപടി എടുക്കണ്ടെന്ന നിലപാടാണ് നിലവിൽ കോൺഗ്രസിന്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ കരുതലോടെയാണ് ഇക്കാര്യത്തിൽ നേതൃത്വത്തിന്റെ നീക്കം. അച്ചടക്കസമിതി തീരുമാനമെടുക്കും വരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് ഷൗക്കത്തിന് നല്‍കിയ നിര്‍ദേശം. വിലക്ക് ലംഘിച്ച് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത് അച്ചടക്ക ലംഘനം തന്നെ എന്ന് വ്യക്തമാക്കി കെ.പി.സി.സി ഷൗക്കത്തിന് വീണ്ടും നോട്ടീസ് നൽകിയിരുന്നു.