തിരുവനന്തപുരം : പാലാ സീറ്റിനെ ചൊല്ലി സംസ്ഥാന എന്‍സിപി ഘടകത്തിലെ ചേരിതിരിവ് രൂക്ഷമാകുന്നു. ആശയക്കുഴപ്പം ഒഴിവാക്കാന്‍ ദേശീയ നേതൃത്വം ഇടപെടണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെടും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ കാണാന്‍ ഇന്ന് ഡല്‍ഹിയില്‍ എത്തുന്ന മന്ത്രി ശേഷം മുംബൈയില്‍ എത്തിയാകും ശരത് പവാറിനെ കാണുക.
പ്രഫുല്‍ പട്ടേലുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാകും ശശീന്ദ്രന്‍ മുംബൈയിലേക്ക് പോകുന്നത്. ഇക്കാര്യത്തില്‍ തന്റെ നിലപാട് ദേശീയ നേതൃത്വത്തിന് വിവരിക്കാനാണ് ശശീന്ദ്രന്റെ ശ്രമം. യുഡിഎഫിലേക്ക് പോകാനുള്ള ഒരു വിഭാഗത്തിന്റെ നീക്കം പാര്‍ട്ടിയെ പിളര്‍പ്പിലേക്കെത്തിക്കുമെന്നതിനാല്‍ പിന്മാറണമെന്നാണ് ശശീന്ദ്രന്റെ നിലപാട്. ദേശീയ നേതൃത്വം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. എന്നാല്‍ സിറ്റിംഗ് സീറ്റുകള്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ മുന്നണി വിടണം എന്നാണ് എന്‍സിപിയില്‍ ഉണ്ടായിരിക്കുന്ന ധാരണ.