തിരുവനന്തപുരം: ആകാശവാണി മുന്‍ ഡെപ്യൂട്ടി സ്‌റ്റേഷന്‍ ഡയറക്ടറും മഹിളാലയം പരിപാടിയുടെ നിര്‍മ്മാതാവുമായിരുന്ന എസ് സരസ്വതിയമ്മ(86) അന്തരിച്ചു. ‘മഹിളാലയം ചേച്ചി’ എന്ന് അറിയപ്പെട്ടിരുന്ന സരസ്വതിയമ്മ 1965 ലാണ് ആകാശവാണിയില്‍ വനിത വിഭാഗം പരിപാടിയുടെ പ്രൊഡ്യൂസറായി ജോലിയില്‍ പ്രവേശിക്കുന്നത്. സ്ത്രീകള്‍ക്കുവേണ്ടി ആരും രംഗത്തു വരാത്തകാലത്ത് സ്ത്രീകളുടെ മാത്രമായി ഒരു പരിപാടി നടത്തുന്നതിനു മുന്നിട്ടിറിങ്ങുകയും സാഹിത്യകൃതികളും നാടകങ്ങളും വിവിധ മേഖലകളില്‍ പ്രശസ്തരായ സ്ത്രീകളുടെ വിജയകഥകളുമെല്ലാം കോര്‍ത്തിണക്കി മഹിളാലയം എന്ന പരിപാടി പുനരാവിഷ്‌കരിക്കുകയായിരുന്നു.
സരസ്വതിയമ്മ മുന്‍കൈ എടുത്താണ് വിദ്യാലയങ്ങളില്‍ ആകാശവാണിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഗായകസംഘം രൂപവത്കരിക്കുന്നത്. 1987ല്‍ ആകാശവാണിയില്‍ നിന്നും വിരമിച്ചു. ആകാശവാണിയിലെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി ‘ആകാശത്തിലെ നക്ഷത്രങ്ങള്‍’, ‘കുപ്പിച്ചില്ലുകളും റോസാദലങ്ങളും’, ‘അമ്മ അറിയാന്‍’ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന കോട്ടുകോയ്ക്കല്‍ വേലായുധന്റെയും ശാരദാമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കെ. യശോധരന്‍. ബേക്കറി റോഡ് വിമന്‍സ് കോളജ് ഹോസ്റ്റലിന് എതിര്‍വശം ‘പ്രിയദര്‍ശിനി’യിലാണ് താമസിച്ചിരുന്നത്. സംസ്‌കാരം പിന്നീട്.