തിരുവനന്തപുരം : ഒന്നാം ക്ലാസ്സ് മുതല്‍ മലയാളം അക്ഷരമാല പഠനം ജൂണ്‍ ഒന്ന് മുതല്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി സംസ്ഥാന നേതാക്കള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ നേരിട്ട് കാണും. രാവിലെ വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്ന തുറന്ന കത്ത് കൈമാറും. 11 മണിക്ക് അക്ഷരമാല പഠന സമരം സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിക്കും.
മലയാള ഭാഷ സ്‌നേഹികളും വിദ്യാഭ്യാസ സ്‌നേഹികളും സമരത്തില്‍ പങ്ക് ചേരും ഒപ്പം, ചിത്രകാരന്മാര്‍ അക്ഷര ചിത്രങ്ങള്‍ വരയ്ക്കും. ബ്ലാക്ക് ബോര്‍ഡില്‍ മലയാള അക്ഷരങ്ങള്‍ എഴുതിയാണ് സമരം. അക്ഷര വിദ്യാഭ്യാസത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന കവിതകള്‍ ആലപിക്കും. അക്ഷരവിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി സംസ്ഥാന നേതാക്കളായ പ്രൊഫ ജോര്‍ജ് ജോസഫ്, എം ഷാജര്‍ഖാന്‍ ഇ എന്‍ ശാന്തിരാജ് എന്നിവര്‍ പറഞ്ഞു.