ഡല്‍ഹി : ഭീകര സംഘടനയായ അല്‍ഖ്വയ്ദ പശ്ചിമബംഗാളില്‍ സ്‌ഫോടന പരമ്പര നടത്താന്‍ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. സംസ്ഥാനത്തെ ഭീകരസംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകളെ ഉപയോഗിച്ച് ആക്രണം നടത്താനാണ് പദ്ധതി. നവംബര്‍ അഞ്ചിനാണ് ഇന്റലിജന്‍സ് ബ്യൂറോ ഈ റിപ്പോര്‍ട്ട് കൈമാറിയത്.
വിദേശത്തു നിന്നുള്ള സഹായത്തോടെ പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളെ പ്രവര്‍ത്തന നിരതമാക്കി ആക്രമണ പരമ്പര സംഘടിപ്പിക്കാനാണ് പദ്ധതി. ഇതിനായി പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വയ്ദ ഗ്രൂപ്പ് തീവ്രവാദ പ്രവര്‍ത്തനത്തിനായി പശ്ചിമബംഗാളില്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
മുമ്പ് കസ്റ്റഡിയിലെടുത്ത ഭീകരപ്രവര്‍ത്തകരെ ചോദ്യം ചെയ്തപ്പോഴാണ് എന്‍ഐഎയ്ക്ക് ഈ വിവരം ലഭിച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ അടക്കം ഭീകരര്‍ ലക്ഷ്യം വെക്കുന്നതായും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ബംഗാളിലെ യുവാക്കളെ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി പാകിസ്ഥാനിലെ കറാച്ചിയിലും പെഷവാറിലും റിക്രൂട്ടിങ് സെന്ററുകള്‍ തുറന്നിട്ടുണ്ടെന്നും ഐബി വ്യക്തമാക്കി. ഭീകരസംഘടനകളുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന 11 പേരെ ഇതിനോടകം എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.