തിരുവനന്തപുരം: കളിയിക്കാവിളയിൽ തമിഴ്നാട് എ.എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ അൽഉമ്മ തീവ്രവാദി ഗ്രൂപ്പിന് കേരളത്തിലുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സുരക്ഷിത ഒളിത്താവളങ്ങളുള്ളതായി ഇന്റലിജൻസിന്റെ സ്ഥിരീകരണം. മുഖ്യപ്രതികൾക്കുവേണ്ടിയുള്ള തെരച്ചിലിനിടെയാണ് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. പോലീസോ നാട്ടുകാരോ കടക്കാൻ ഭയക്കുന്ന പോക്കറ്റുകളാണ് പല ഒളിത്താവളങ്ങളുമെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. കളിയിക്കാവിള കൊലപാതകക്കേസിലെ പ്രതികളും അൽഉമ്മ പ്രവർത്തകരുമായ അബ്ദുൽ ഷെമീമും തൗഫീക്കും കൊലപാതകത്തിന് മുമ്പും പിമ്പും കേരളത്തിനകത്തും പുറത്തുമുള്ള ഇത്തരം ക്യാമ്പുകളിൽ അഭയം തേടിയിരുന്നുവെന്നാണ് സൂചന
അതീവ രഹസ്യമായി തീവ്രവാദ പ്രവർത്തനത്തിലേർപ്പെടുന്ന ഇവർക്ക് ഇന്ത്യയൊട്ടാകെ വേരുകളുണ്ട്. അടുത്ത ബന്ധുക്കൾക്കോ നാട്ടുകാർക്കോ പോലും തിരിച്ചറിയാൻ കഴിയാത്തവരാണ് ഇതിന്റെ പ്രവർത്തകരിൽ പലരും. തമിഴ്നാട്ടിൽ ഹിന്ദുമുന്നണി പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവമുൾപ്പെടെ അൽഉമ്മ പ്രവർത്തകർ ആസൂത്രണം ചെയ്ത പല ക്രിമിനൽ പ്രവൃത്തികളിലും നേരിട്ടും അല്ലാതെയും പങ്കെടുത്ത പലരും ഇത്തരം സുരക്ഷിത താവളങ്ങളിലാണ് കൃത്യത്തിനുശേഷം അഭയം തേടിയിയതെന്നാണ് ഇന്റലിജൻസിന് കിട്ടിയ വിവരം.
കൃത്യത്തിന് പിന്നിലുള്ള തങ്ങളുടെ പങ്ക് തിരിച്ചറിയുന്നുണ്ടോയെന്ന് നിരീക്ഷിച്ചശേഷമേ ഇവർ താവളം വിടൂ. പങ്ക് തിരിച്ചറിഞ്ഞാൽ ഒളിവിൽ കഴിഞ്ഞുകൊണ്ടുതന്നെ കേസിൽ നിന്ന് തലയൂരുന്നതിനാവശ്യമായ പഴുതുകളും ഇവർ ഒരുക്കും. ഒളിവിൽ കഴിയുമ്പോഴും മറ്റും ഇവരെ സാമ്പത്തികമായി സഹായിക്കാൻ ഹവാലപണം ഇടപാട് ലോബികളും കള്ളക്കടത്ത് സംഘങ്ങളും ഉണ്ടത്രേ. കേരള – തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെയാണ് അൽ ഉമ്മയുടെ പ്രവർത്തനം വ്യാപകമായത്. പൗരത്വ ബില്ലിൽ പ്രതിഷേധം ശക്തമായതോടെ അത് മുതലെടുക്കാനും അതിന്റെ മറവിൽ അക്രമ പ്രവർത്തനങ്ങൾക്കും ഇവർ പദ്ധതിയിട്ടിരുന്നുവെന്നും ഇന്റലിജൻസിന് വിവരമുണ്ട്. മിന്നൽ ആക്രമണങ്ങളായിരുന്നുവത്രേ ഇവർ ആസൂത്രണം ചെയ്തിരുന്നത്