ആലപ്പുഴ : തോമസ് ഐസക്കിനെയും ജി. സുധാകരനെയും മല്‍സരിപ്പിക്കണമെന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആവശ്യവും തളളി. ഒരു ജില്ലയ്ക്കായി ഇളവില്ലെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വ്യക്തമാക്കി. ആലപ്പുഴയില്‍ ജി.സുധാകരന് പകരം മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചതിനെതിരെ പരസ്യ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
വലിയ ചുടുകാട്ടിലെ ‘പുന്നപ്ര – വയലാര്‍ രക്തസാക്ഷി സ്മാരകത്തിന്റെ മതിലിലാണ് മന്ത്രി ജി.സുധാകരന് അനുകൂലമായി പോസ്റ്ററുകള്‍ പതിപ്പിച്ചത്. പാര്‍ട്ടിക്ക് തുടര്‍ ഭരണം വേണ്ടേ, ജി.യെ മാറ്റിയാല്‍ മണ്ഡലം തോല്‍ക്കും, ‘ജിയ്ക്ക് പകരക്കാരന്‍ എസ്ഡിപിഐക്കാരന്‍ സലാമോ’ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളില്‍. ഇതിനുപിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പിന്നീട് ചില പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ നീക്കി.
പ്രതികളില്‍ സമ്മര്‍ദം ചെലുത്തി മൊഴികള്‍ സൃഷ്ടിക്കുന്നത് തുറന്നുകാട്ടുമെന്നും എ.വിജയരാഘവന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്ന് എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു.