കാസര്‍ഗോഡ് : കര്‍ണാടകയില്‍ മദ്യവില്‍പനയ്ക്കുള്ള നിരോധനം നീക്കിയതോടെ അതിര്‍ത്തി വഴി കേരളത്തിലേക്ക് മദ്യമൊഴുകുന്നു. മംഗളൂരുവില്‍ നിന്നാണ് കാസര്‍ഗോഡ് ജില്ലയിലേക്ക് മദ്യം ഒഴുകുന്നത്. കര്‍ണാടകയില്‍ മാത്രം വില്‍പ്പന അനുമതിയുള്ള മദ്യമാണ് ജില്ലയിലെത്തിച്ച് കൊള്ളലാഭത്തിന് മറിച്ചു വില്‍ക്കുന്നത്.
കര്‍ണാടകയില്‍ നിന്നും ഊടുവഴികളിലൂടെയാണ് കാസര്‍ഗോട്ടേക്ക് മദ്യം എത്തിക്കുന്നത്. ഈ വഴികളില്‍ പോലീസ് പരിശോധന കാര്യമായി ഇല്ലാത്തത് മദ്യക്കടത്തിന് സഹായകമാവുന്നതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം സീതാംഗോളിയില്‍ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ചിരുന്ന കര്‍ണാടക നിര്‍മ്മിത മദ്യം പിടികൂടിയിരുന്നു. ഹാര്‍ഡ് ബോര്‍ഡ് ബോക്‌സുകളിലായി സൂക്ഷിച്ച 90 മില്ലിയുടെ 528 പാക്കറ്റ് മദ്യശേഖരമാണ് പിടികൂടിയത്. കര്‍ണാടകയില്‍ നിന്നും ടാര്‍ ജീപ്പില്‍ കടത്തുകയായിരുന്ന മൂന്ന് പെട്ടി മദ്യവും രണ്ട് ദിവസം മുന്‍പ് പോലീസ് പിടികൂടി.
കര്‍ണാടകയില്‍ 40 രൂപ വിലയുള്ള പാക്കറ്റിന് ജില്ലയില്‍ 250 രൂപയ്ക്കു മുകളിലാണ് വില്‍പന നടത്തുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് മദ്യവില്‍പ്പന നിരോധിച്ചതോടെ കര്‍ണാടകയില്‍ നിന്നും ലക്ഷങ്ങളുടെ മദ്യമാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ജില്ലയിലെത്തിയതെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍. ജില്ലാതിര്‍ത്തിയായ ആനക്കല്ല്, അഡ്യനടുക്ക തുടങ്ങിയ പ്രദേശിക റോഡ് വഴിയും മറ്റ് പ്രദേശങ്ങളിലെ ഊടുവഴികളിലൂടെയും മദ്യകടത്ത് സജീവമാണെന്ന് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാനാണ് എക്‌സൈസിന്റെയും പോലീസിന്റെയും തീരുമാനം.