റാന്നി : പെരുന്തേനരുവി വെള്ളച്ചാട്ടത്തിനു സമീപത്തെ റാംമ്പില്‍ പ്രളയത്തിലടിഞ്ഞു കൂടിയ തടികള്‍ വിറകിനായി കടത്തിയെന്നാരോപണം. സംഭവത്തില്‍ കരികുളം വനം സ്റ്റേഷനിലെ വനപാലകര്‍ അന്വേഷണം ആരംഭിച്ചു. വെള്ളച്ചാട്ടത്തിനു സമീപം നിര്‍മ്മിച്ച ഇരുമ്പു പാലത്തില്‍ കഴിഞ്ഞ പ്രളയത്തില്‍ ഒഴുകിയെത്തിയ നിരവധി തടികള്‍ അടിഞ്ഞു കൂടിയിരുന്നു. ജില്ലാ ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ഇത് പാലത്തില്‍ നിന്നും മാറ്റിയിട്ടിരുന്നു.
ഇങ്ങനെ മാറ്റിയിട്ടിരുന്ന തടികളാണ് വിറകിനായി കീറിയെടുത്തു മാറ്റിയത്. വിറകിനൊപ്പം തടികളും മാറ്റിയതായിട്ടാണ് വിവരം. തേക്ക്, വെണ്ടേക്ക്, മണിമരുതി, ചീനി തുടങ്ങിയ തടികളാണ് ഒഴുകിയെത്തിയത്. തേക്ക് തടി വെട്ടിയെടുത്ത പൂളുകള്‍ വനപാലകര്‍ കണ്ടെത്തിയിട്ടുണ്ട്. കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്നും തേക്ക് അടക്കമുള്ള തടികള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പറഞ്ഞു.