കോന്നി : തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൻ്റെ മലയോര മേഖലകളിൽ വന്യമൃഗ ശല്ല്യം മൂലം പൊറുതിമുട്ടി മലയോര കർഷകർ. തണ്ണിത്തോട് പഞ്ചായത്തിലുൾപ്പെട്ട തേക്കുതോട്, പൂച്ചക്കുളം, കരിമാൻതോട്, മണ്ണീറ, എലിമുള്ളുംപ്ലാക്കൽ, ഏഴാംതല, പറക്കുളം, മേലേ പറക്കുളം, മേടപ്പാറ, മണ്ണീറ തലമാനം തുടങ്ങി വനമേഖലയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിലാണ് വന്യമൃഗങ്ങൾ കൂടുതലും നാശം വിതയ്ക്കുന്നത്.
തേക്കുതോട് മേഖലയിലാണ് വാഴകർഷകർ കൂടുതലുമുള്ളത്. കൃഷിയിടങ്ങൾ പകുതിയിലേറെയും വനാതിർത്തികളിൽ ആയതിനാൽ കൂട്ടത്തോടെ എത്തുന്ന ആനകൾ വാഴകൃഷി പൂർണ്ണമായും നശിപ്പിച്ച് കളയുന്ന സംഭവങ്ങളും അനവധിയാണ്. മണ്ണീറയിലും നിരവധി സ്ഥലങ്ങളിലാണ് കാട്ടാനകൾ കൃഷി നശിപ്പിച്ചത്. വനംവകുപ്പ് പല സ്ഥലങ്ങളിലും സ്ഥാപിച്ച സൗരോർജ്ജ വേലികളും പലയിടങ്ങളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.
കാടുകയറി കിടക്കുന്ന സൗരോർജ്ജ വേലികൾ വേണ്ടവിധം സംരക്ഷിക്കാത്തതിനാലാണ് ഇവ പ്രവർത്തന രഹിതമാകുന്നതെന്ന് ജനങ്ങൾ പറയുന്നു. കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയുടെ ആക്രമണങ്ങളിൽ നശിക്കുന്ന കാർഷിക വിളകൾക്ക് അർഹമായ നഷ്ട പരിഹാരവും ലഭിക്കുന്നില്ല. വന്യമൃഗ ശല്ല്യം മൂലം തണ്ണിത്തോട് പഞ്ചായത്തിൽ കർഷകർക്ക് ഉണ്ടാകുന്ന നാശ നഷ്ടങ്ങളുടെ കണക്കുകൾ പോലും ശേഖരിക്കപ്പെടുന്നില്ലാ എന്നതാണ് പ്രധാന വസ്തുത.
കുരങ്ങുകളുടെ ശല്ല്യം നാളികേര കർഷകരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തെങ്ങിൽ കയറി പാകമാകുന്നതിന് മുൻപ് തന്നെ കരിക്കുകൾ കുരങ്ങ് അടർത്തി കളയുന്നു. ചിലത് കരിക്ക് തുരന്ന് തിന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ നിരവധി തെങ്ങുകളാണ് പഞ്ചായത്തിൻ്റെ പലയിടങ്ങളിലായി നശിപ്പിക്കപ്പെടുന്നത്. നിലത്ത് ഉണങ്ങി വീഴുന്ന നാളികേരം കാട്ടുപന്നികളും ഭക്ഷിക്കുന്നു. പേരതത്തകളും വാഴകർഷകർക്ക് എന്നും ഭീഷണിയാണ്. പാകമെത്തിയ വാഴകുലകൾ നശിപ്പിച്ച് കളയുകയാണ് തത്തകൾ ചെയ്യുന്നത്. പന്നിയെയും മറ്റ് വന്യമൃഗങ്ങളേയും വേലി കെട്ടി അകറ്റി നിർത്താമെന്നിരിക്കെ തത്തയെ അകറ്റുവാൻ ഒരു വഴിയും കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ് കർഷകർ.
മരച്ചീനി, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ കിഴങ്ങ് വർഗങ്ങളും പന്നികൾ നശിപ്പിക്കുന്നു. നിരവധി കാർഷിക വിളകളാണ് എല്ലാ വർഷവും ഇത്തരത്തിൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം പഞ്ചായത്തിൽ നശിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ തുടർച്ചയായാണ് എലിമുള്ളുംപ്ലാക്കലിൽ കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചത്.
ബാങ്കിൽ നിന്നും മറ്റും ലക്ഷങ്ങൾ വായ്പ എടുത്ത് കൃഷി ചെയ്യുന്ന കാർഷിക വിളകൾക്ക് പെട്ടെന്ന് ഉണ്ടാകുന്ന നഷ്ടം കർഷകന് താങ്ങാവുന്നതിലും ഏറെയാണ്. പ്രദേശത്തെ പല കർഷകരും വന്യമൃഗ ശല്ല്യം മൂലമുണ്ടാകുന്ന കടകെണിയിൽ വീർപ്പ് മുട്ടുകയാണിപ്പോൾ. എന്നാൽ ഇത് ഇല്ലാതാക്കുന്നതിനോ കർഷകർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകുന്നതിനോ അധികൃതർക്ക് കഴിയാതെ പോകുന്നു.