ആലുവ : ആലുവ മണപ്പുറത്ത് ഇക്കൊല്ലം കര്‍ക്കടക വാവുബലി ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് . നഗരസഭ പൂര്‍ണമായും കണ്ടെയ്ന്മെന്റ് സോണ്‍ ആയതും കോവിഡ് വ്യാപന ഭീതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചതിനെ തുടര്‍ന്നുമാണ് ഈ തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു .
ചരിത്രത്തില്‍ ആദ്യമായാണ് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം മുടങ്ങുന്നത് . മഹാദേവ ക്ഷേത്രത്തില്‍ പതിവ് പൂജകളും പിതൃനമസ്കാരം , ഹോമം എന്നിവയും നടക്കും. ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന് കീഴിലുള്ള ആലുവ അദ്വൈതാശ്രമത്തിലും കര്‍ക്കിടകവാവ് ബലിതര്‍പ്പണവും ദര്‍ശനവും ഉണ്ടായിരിക്കില്ലെന്ന് സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയും പറഞ്ഞു.