കോന്നി : കൊടുംവേനലിലും ആലുവാംകുടി ക്ഷേത്രക്കുളം വറ്റില്ല. വനത്തിനുള്ളിലെ പുരാതനമായ ക്ഷേത്രമാണിത്. വന്യ മൃഗങ്ങൾ ക്ഷേത്രക്കുളത്തിൽ വെള്ളം കുടിക്കാനെത്തും. മലയുടെ മുകളിൽ ഒരേക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കുളത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആറ് വർഷം മുമ്പ് കുളത്തിലെ ചെളികോരി വൃത്തിയാക്കാൻ ശ്രമം നടന്നിരുന്നു. ജൈവ വൈവിദ്ധ്യത്താൽ സമ്പന്നമായ വനമേഖലയാണിത്. മലനിരകളും താഴ്‌വാരങ്ങളും പുൽമേടുകളും മൊട്ടക്കുന്നുകളും കാട്ടുചോലകളും വെള്ളച്ചാട്ടങ്ങളും ആകർഷകമാണ്.
പുരാതന കാലത്ത് തിരുവിതാംകൂറിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായിരുന്നു ഇതെന്ന് പറയുന്നു. ഇവിടെ കാണുന്ന ബലിക്കല്ല് ക്ഷേത്രത്തിൽ നിത്യപൂജയുണ്ടായിരുന്നതിന്റെ തെളിവാണ്.വിസ്തൃതമായ ക്ഷേത്രക്കുളം മഹാക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്നു. സമീപ പ്രദേശങ്ങളിലായി ആലുവാംകുടിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഉപക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും കുളങ്ങളുമുണ്ട്.