കണ്ണൂര്‍: പയ്യന്നൂര്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തി. മൊത്തം 22 നിക്ഷേപകരാണ് ഇപ്പോള്‍ അമാന്‍ ഗോള്‍ഡ് ഉടമകള്‍ പണം തിരികെ നല്‍കുന്നില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത്.
ആറു പരാതികളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാക്കി പരാതികളില്‍ പരിശോധന തുടരുകയാണ്. കണ്ടോത്തെ എ പി ശംസുദ്ദീന്‍, കാറമേലിലെ ഷംസിയ മന്‍സിലില്‍ നബീസ, തൃക്കരിപ്പൂര്‍ നടക്കാവിലെ അഞ്ചില്ലത്ത് റാബിയ എന്നിവരുടെ പരാതികളില്‍ കൂടിയാണ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്.
തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ ടി നൂറുദ്ദീന്‍, പെരുമ്പയിലെ കെ കുഞ്ഞാലിമ, കുഞ്ഞിമംഗലം സ്വദേശി ടി പി ഇബ്രാഹിം കുട്ടി എന്നിവരുടെ പരാതികളില്‍ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവിലെ പരാതികളില്‍ നിന്ന് അരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന് വ്യക്തമായിട്ടുള്ളത്.
എന്നാല്‍, വൈകാതെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത് വരുമെന്നാണ് പോലീസ് കണക്കു കൂട്ടുന്നത്. അമാന്‍ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ രാമന്തളി വടക്കുമ്പാടെ പി കെ മൊയ്തു ഹാജിക്ക് എതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇയാളെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ലാഭവിഹിതം നല്കാമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപകരില്‍ നിന്ന് ജ്വല്ലറി പണവും സ്വര്‍ണവും സ്വീകരിച്ചത്. ആദ്യ ഘട്ടങ്ങളില്‍ ചിലര്‍ക്ക് ലാഭവിഹിതം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അത് മുടങ്ങി. 2019ല്‍ ജ്വല്ലറി അടച്ചു പൂട്ടിയതോടു കൂടിയാണ് നിക്ഷേപകരില്‍ നിന്ന് പരാതി ഉയര്‍ന്നത്.