അമരാവതി : ആന്ധ്രാപ്രദേശിലെ പലനാട് ജില്ലയില്‍ തീര്‍ഥാടന സംഘം സഞ്ചരിച്ച മിനിവാന്‍ മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ആറു പേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ശ്രീശൈലത്തിലേക്ക് തീര്‍ത്ഥാടനത്തിന് പോയി മടങ്ങുകയായിരുന്ന 38 പേരാണ് വാനില്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചിലരെ മെച്ചപ്പെട്ട ചികിത്സക്കായി ഗുണ്ടൂരിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. അപകടത്തിന്‍റെ കാരണം അന്വേഷിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.