റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന ചരിത്രപ്രസിദ്ധമായ ‘അംബായാഗം 2026’-ന്റെ സംഘാടന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്ര ഓഫീസ് ഉദ്ഘാടനം പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ എം. ജയചന്ദ്രൻ നിർവഹിച്ചു. ദേവീസ്തുതികളുടെ പുണ്യനാദങ്ങൾക്കിടെ നിലവിളക്ക് കൊളുത്തിയാണ് അദ്ദേഹം ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ക്ഷേത്ര പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ ആത്മീയ ആചാര്യൻ ഡോ. യോഗിരാജ് മുഖ്യാതിഥിയായിരുന്നു. ദേവസ്വം സെക്രട്ടറി പി.ശ്രീകുമാര്‍, ഖജാന്‍ജി സി.എന്‍. പ്രസാദ്, പി.എസ്.ആനന്ദാമ്മ, ആചാര്യ വിജയലക്ഷ്മി, കെ.ജി.രാജീവ്, മേല്‍ശാന്തി അജിത്ത്കുമാര്‍ പോറ്റി, സന്തോഷ് പാങ്ങാട്ട്, രാജേഷ് ചന്ദ്രാലയം, ബിനോജ് മോന്‍, സുനില്‍കുമാര്‍, ബിനു എസ്. നായര്‍, വിജയകുമാര്‍ മാളിയേക്കല്‍, ഉഷാ വിജയന്‍, വത്സല വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ മഹാസത്രം ആത്മീയതയും ഭക്തിയും സാംസ്കാരിക-സാമൂഹിക കൂട്ടായ്മയും കോർത്തിണക്കിയാണ് സംഘടിപ്പിക്കുന്നത്. ക്ഷേത്രസന്നിധിയിൽ യാഗചടങ്ങുകൾ, പ്രത്യേക പൂജകൾ, ആത്മീയ പ്രഭാഷണങ്ങൾ, ഭക്തിഗാനമേളകൾ എന്നിവ നടക്കും. ക്ഷേത്രത്തിന്റെ വിവിധ വേദികളിലായി ദിവസവും വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള വിശാലമായ മൈതാനത്ത് വിപുലമായ സ്റ്റാളുകൾ, ഭക്ഷണശാലകൾ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി അമ്യൂസ്മെന്റ് സംവിധാനങ്ങൾ. മധ്യതിരുവിതാംകൂറിൽ ഇതുവരെ നടന്നിട്ടില്ലാത്ത രീതിയിലുള്ള മഹാസംഗമത്തിന് പ്രതിദിനം ആയിരക്കണക്കിന് ഭക്തരെ പ്രതീക്ഷിക്കുന്നു.
സത്രത്തിന്റെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം, സത്രസമിതി, ഫിനാൻസ്, പബ്ലിസിറ്റി, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയ വിവിധ ഉപസമിതികൾ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. ഭക്തജനങ്ങളുടെ സൗകര്യത്തിനും സുരക്ഷയ്ക്കും വിപുലമായ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. “തോട്ടമൺകാവിലമ്മയുടെ അനുഗ്രഹത്തിൽ ഒരു നാടിന്റെ വിശ്വാസവും കൂട്ടായ്മയും ഒരുമിക്കുന്ന പത്ത് ദിനങ്ങൾ” എന്ന സന്ദേശവുമായാണ് സംഘാടകർ മുന്നോട്ടുപോകുന്നത്.
































