അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ് ലൈനിന്റെ വാൽവ് തകർന്ന് വൻതോതിൽ വെള്ളം പാഴാകുന്നു. അത്തിക്കയം പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന പ്രധാന വിതരണ പൈപ്പിലാണ് ദിവസങ്ങളായി ശക്തമായ ചോർച്ച അനുഭവപ്പെടുന്നത്. നാട്ടുകാർക്ക് കുടിവെള്ളമായി എത്തിക്കേണ്ട ശുദ്ധജലമാണ് വാൽവിലെ തരാറുമൂലം വീണ്ടും പമ്പാനദിയിലേക്ക് തന്നെ ഉയർന്ന സമ്മർദ്ദത്തിൽ ഒഴുകിപ്പോകുന്നത്.
പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ വലിയൊരു ഭാഗം ഇങ്ങനെ പാഴാകുന്നതിനാൽ സമീപപ്രദേശങ്ങളിലെ ഗാർഹിക ഉപഭോക്താക്കൾക്ക് കൃത്യമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. നൂറുകണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പദ്ധതിയാണിത്. വൻതോതിൽ വെള്ളം പാഴായിപ്പോകുന്നത് നാട്ടുകാരെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്താൻ ഇതുവരെ ജല അതോറിറ്റി തയ്യാറായിട്ടില്ല. എത്രയും വേഗം തകരാർ പരിഹരിച്ച് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.































