തെഹ്‌റാന്‍: ഹോര്‍മൂസില്‍ യുദ്ധം മുറുകുന്നതായി റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് ആക്രമിക്കപ്പെട്ടത് പത്ത് കപ്പലുകള്‍ ആണെന്നാണ് വിവരം. ആറ് കപ്പലുകളെ ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം അവകാശപ്പെടുന്നുണ്ട്. മൂന്ന് കപ്പലുകളെ ആക്രമിച്ചത് ഹോര്‍മൂസില്‍ റൂട്ട് മാറി സഞ്ചരിക്കുമ്പോഴായിരുന്നു. യുഎസ്എസ് ജോര്‍ജ് ബുഷ് വിമാനവാഹിനി കപ്പലും ആക്രമിച്ചെന്ന് ഇറാന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ഒമാന്‍ തീരത്ത് ഇറാനിയന്‍ കപ്പല്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഒരു ഡ്രോണ്‍ ബോട്ട് ആക്രമിക്കപ്പെട്ടന്ന വിവരം ഐആര്‍ജിസി പുറത്ത് വിട്ടിരുന്നു.
ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആണ് ഒരിടവേളയ്ക്ക് ശേഷം അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നും എല്ലാവരെയും ഉടനടി മാറ്റിയെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് സമീപത്തുവെച്ചാണ് എണ്ണ ടാങ്കറിനെ ലക്ഷ്യം വെച്ച് യുഎസ് ആക്രമണമുണ്ടായത്.എന്നാല്‍ ഇതിന് തിരിച്ചടിയായി അമേരിക്കയുടെ മൂന്ന് എണ്ണക്കപ്പലുകളും, കൂടാതെ അമേരിക്കയുമായി ബന്ധമുള്ള മറ്റ് മൂന്ന് കപ്പലുകളും ആക്രമിച്ചെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. ഇവയ്ക്ക് ഇനി നീങ്ങാനാകില്ലെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.
യുഎസ് വിമാനവാഹിനിക്കപ്പലിനും യുഎസ് നാവികസേനയുടെ ഡിസ്ട്രോയര്‍ കപ്പലിനും നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അറിയിച്ചിരുന്നത്. ഇറാനിയന്‍ കപ്പലുകള്‍ക്ക് തടസം സൃഷ്ടിക്കുകയും നാവിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
































