തിരുവല്ല : പത്തനംതിട്ടയില്‍ നിന്നും ഗര്‍ഭിണിയുമായി തിരുവല്ലയിലേക്കെത്തിയ ആംബുലന്‍സ് മഞ്ഞാടിയില്‍ ഇരുമ്പ് പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എട്ടു മാസം ഗര്‍ഭിണിയായിരുന്ന സീതത്തോട് ചരിവുകാലായില്‍ വീട്ടില്‍ റസീന സഈദു (27) മായി തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് എത്തിയ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. റസീനയുടെ പിതൃ സഹോദരി പത്തനംതിട്ട പള്ളിപ്പടിഞ്ഞാറേതില്‍ നബീസ മുസ്തഫ (52), നബീസയുടെ മകള്‍ സാലിക (23), റസീനയുടെ ഭര്‍തൃ മാതാവ് പാറയ്ക്കല്‍ സാഹിദ (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മഞ്ഞാടി ജംങ്ഷനില്‍ ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് തലകീഴായി മറിഞ്ഞ ആംബുലന്‍സില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ നാലു പേരേയും ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. റസീനയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞിനെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ റസീന ഐ.സി.യുവില്‍ തുടരുകയാണ്. തലക്ക് സാരമായി പരിക്കേറ്റ സാഹിദയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നബീസയെയും സാലികയെയും റൂമിലേക്ക് മാറ്റിയിട്ടുണ്ട്. പെരുനാട് സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.