പത്തനംതിട്ട: ആരോഗ്യ മന്ത്രിയും ജില്ലാ മെഡിക്കല്‍ ഓഫീസറും വനിതകളായിരുന്നിട്ടും പീഡന വീരന്മാരെ സംരക്ഷിക്കുന്ന നടപടികളാണ് ഇവര്‍ സ്വീകരിച്ചതെന്നും മാന്യതയുണ്ടെങ്കില്‍ രണ്ടുപേരും രാജിവെച്ച് പുറത്തു പോകണമെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ആവശ്യപ്പെട്ടു.
കോവിഡിന്റെ മറവില്‍ മിക്ക സ്ഥലത്തും പീഡനങ്ങള്‍ നടക്കുകയാണ്. നാണക്കേട് ഭയന്ന് പലരും പുറത്ത് പറയുന്നില്ല. പീഡന വീരന്മാരെയും ക്രിമിനലുകളെയും കൂടെനിര്‍ത്തി സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. കോവിഡ് രോഗികള്‍ക്ക് മതിയായ സംരക്ഷണവും ചികിത്സയും നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. യഥാര്‍ഥ വസ്തുതകള്‍ പുറത്തുവിടാതെ മൂടിവെക്കുവാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നത്. ലോകത്തിന്റെ മുമ്പില്‍ തന്നെ കേരളം നാണംകെട്ടിരിക്കുകയാണ്. കോവിഡ് എന്ന മഹാമാരിയെപ്പോലും മുന്നില്‍ നിര്‍ത്തി കേരളം നമ്പര്‍ വണ്‍ എന്ന് മാധ്യമങ്ങളിലൂടെ കൊട്ടിഘോഷിച്ചവര്‍ക്ക് ഇപ്പോള്‍ വീഴ്ചകള്‍ അംഗീകരിക്കുവാനുള്ള ബുദ്ധിമുട്ടാണ്. കോടികള്‍ പി.ആര്‍ കമ്പിനിക്ക് നല്‍കിയാണ് ഇതൊക്കെ ചെയ്തത്.
അടൂരിൽ നിന്നും 108 ആംബുലൻസിൽ പന്തളം കോവിഡ് സെന്ററിലേക്ക് കൊണ്ടുപോയ യുവതിയായ രോഗിയെ ആറൻമുളയിൽ വെച്ച് ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കാനിടയായത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേട് ആണെന്നും സംഭവത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നും ആരോഗ്യമന്ത്രിക്ക് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു. മാന്യതയുണ്ടെങ്കില്‍ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ആവശ്യപ്പെട്ടു.
കായംകുളം സ്വദേശിയായ ആംബുലൻസ് ഡ്രൈവറെ സിപിഎം ശുപാർശയിൽ ആണ് നിയമിച്ചത്. വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയായിരുന്ന ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാതെ സർക്കാർ നിയന്ത്രണത്തിലുള്ള 108 ആംബുലൻസ് ഡ്രൈവർ ആയി എങ്ങനെ നിയമനം ലഭിച്ചു എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വിശദീകരിക്കണം. ജില്ലാ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായിരിക്കുന്നു. രാത്രിയിൽ രണ്ട് വനിതാ രോഗികളെ തനിച്ച് അയച്ചത് ഗൗരവമായി പരിശോധിക്കണം. കുറ്റവാളികള്‍ക്ക് അറിഞ്ഞോ അറിയാതെയോ വേണ്ട സൗകര്യം ഒരുക്കുകയായിരുന്നു എന്ന് സംശയിക്കുന്നതായും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ആരോഗ്യവകുപ്പിലെ ഒരു ഉദ്യോഗസ്ഥനും ആംബുലൻസിനെ അനുഗമിച്ചില്ല. പോലീസിന്റെ എസ്‌കോർട്ടും ഉണ്ടായിരുന്നില്ല. കുറ്റവാളിക്ക് കൂട്ടുനിന്ന ഡിഎംഓയെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യണമെന്നും വകുപ്പ് തല അന്വേഷണം നടത്തണമെന്നും ബാബു ജോർജ്ജ് ആവശ്യപ്പെട്ടു. 108 ആംബുലൻസിലെ മുഴുവൻ ഡ്രൈവർമാരുടെയും ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണം. പ്രതിയായ ഡ്രൈവർ കായംകുളത്തെ അറിയപ്പെടുന്ന സിഐടിയു പ്രവർത്തകൻ ആണെന്നും ബാബു ജോർജ് പറഞ്ഞു.