ശബരിമല : ശബരിമല സ്ട്രോങ് റൂമില്‍ മുദ്രവെച്ച പൊതിയില്‍ സൂക്ഷിച്ച സ്വര്‍ണ്ണത്തിന്റെ അളവില്‍ കുറവെന്ന് അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍. അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.റ്റി.ശങ്കരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണത്തിന്റെ അളവില്‍ കുറവുവന്നതായി കണ്ടെത്തിയത്. സ്വര്‍ണ്ണത്തിന്റെ എണ്ണത്തില്‍ കുറവ് വരാതെ അളവില്‍ 26.270 ഗ്രാം സ്വര്‍ണ്ണത്തിന്റെ കുറവാണ് കണ്ടെത്തിയത്. ജൂണ്‍ മാസത്തില്‍ ടി.ആര്‍. 10817 എന്ന നമ്പറിലുള്ള മുദ്രപ്പൊതി തുറന്നുപരിശോധിച്ചപ്പോള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത് 210 ഗ്രാം 250 മില്ലി ഗ്രാം എന്നായിരുന്നു. എന്നാല്‍ മുദ്രപ്പൊതി തുറന്ന് നടത്തിയ പരിശോധനയില്‍ 183 ഗ്രാം 980 മില്ലി ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെത്താനായത്.
ജനുവരി 19 നാണ് ശബരിമല ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുദ്രപ്പൊതി ഏറ്റുവാങ്ങി സ്ട്രോങ് റൂമില്‍ സൂക്ഷിക്കുന്നത്. ജൂണില്‍ മുദ്രപ്പൊതി തുറന്ന് പരിശോധിച്ചപ്പോഴാണ് വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത്. മണി, മാല, വള, ആനവാല്‍ മോതിരം, കല്ല്, കമ്മല്‍, താലി, ലോക്കറ്റ്, സ്വര്‍ണ്ണ ബിസ്ക്കറ്റ് എന്നിവ അടങ്ങുന്ന 11 ആഭരണങ്ങളാണ് ഉള്‍പ്പെടുന്നത്. ഇതില്‍ മോതിരങ്ങളുടെ തൂക്കം 33 ഗ്രാമില്‍ നിന്നും 5.770 ഗ്രാമായി കുറഞ്ഞു. ആഭരണങ്ങളുടെ എണ്ണത്തില്‍ കുറവ് വരാതെ അളവില്‍ എങ്ങനെ വത്യാസം വന്നു എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം.































