മലപ്പുറം: അമ്മിനിക്കാട് കൊടികുത്തിമലയിറങ്ങുന്നതിനിടെ സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഞായറാഴ്‌ച പകല്‍ മൂന്നരയോടെയായിരുന്നു അപകടം. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗവും സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റംഗവുമായ പെരിന്തല്‍മണ്ണ കെഎസ്‌ആര്‍ടിസിക്കുസമീപം “തണല്‍’ വീട്ടില്‍ വി രമേശന്റെ മകന്‍ അക്ഷയ് (19), പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ കാവുങ്ങല്‍ വീട്ടില്‍ പരേതനായ മണികണ്ഠന്റെ മകന്‍ ശ്രേയസ് (21) എന്നിവരാണ് മരിച്ചത്.
പെരിന്തല്‍മണ്ണ വള്ളൂരാന്‍ റഷീദിന്റെ മകന്‍ നിയാസ് (19) മൗലാന ആശുപത്രിയില്‍ ചികിത്സയിലാണ്. കൊടികുത്തിമലയുടെ ബേസ് സ്റ്റേഷനുതാഴെ ജനവാസമേഖല തുടങ്ങുന്നിടത്തായിരുന്നു അപകടം. സ്‌കൂട്ടര്‍ റോഡില്‍നിന്ന് ഒന്നര മീറ്ററോളം താഴ്ചയുള്ള പറമ്പിലേക്ക് വീഴുകയായിരുന്നു. തെറിച്ചുപോയ സ്‌കൂട്ടര്‍ മുന്നോട്ടുനീങ്ങി ചെറുറോഡും കടന്നു. ഇറക്കം അവസാനിക്കുന്നിടത്ത് റോഡിന് വളവുണ്ട്. മുമ്പും ഇവിടെ അപകടങ്ങളുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.
പെരിന്തല്‍മണ്ണയില്‍ തൊഴില്‍മേളയില്‍ പങ്കെടുത്ത് കൊടികുത്തിമലയില്‍ പോയി വരുമ്പോഴായിരുന്നു അപകടം. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ഇവരെ ആശുപത്രികളിലെത്തിച്ചു. പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അക്ഷയ് മരിച്ചു. മൗലാന ആശുപത്രിയിലെത്തിച്ചയുടന്‍ ശ്രേയസും മരിച്ചു. തൃശൂര്‍ സെന്റ് അലോഷ്യസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അക്ഷയ്. അമ്മ – ബിന്ദു (അധ്യാപിക, പെരിന്തല്‍മണ്ണ പഞ്ചമ സ്‌കൂള്‍). സഹോദരന്‍ – അഭയ് (വിദ്യാര്‍ഥി, ഡല്‍ഹി). ശ്രേയസ് മഅദിന്‍ അക്കാദമിയില്‍നിന്ന് സിവില്‍ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അമ്മ – ബിന്ദു. സഹോദരങ്ങള്‍ – ശിശിര, സ്വാദിഷ്.
അക്ഷയും ശ്രേയസും വിദ്യാര്‍ഥി സംഘടനാരംഗത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരും കളിക്കൂട്ടുകാരുമായിരുന്നു. എസ്‌എഫ്‌ഐ മുന്‍ ഏരിയാ കമ്മിറ്റി അംഗമാണ് അക്ഷയ്. എസ്‌എഫ്‌ഐ പെരിന്തല്‍മണ്ണ നോര്‍ത്ത് ലോക്കല്‍ ജോയിന്റ് സെക്രട്ടറിയാണ് ശ്രേയസ്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നിയാസ് എസ്‌എഫ്‌ഐ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയാണ്. മൂന്നുപേരും പെരിന്തല്‍മണ്ണ ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍.