ഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആഴത്തിൽ ബോധവത്‌ക്കരണം നടത്താൻ ബി.ജെ.പി സംഘടിപ്പിച്ച ഗൃഹസമ്പർക്ക പരിപാടിക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ പ്രതിഷേധം. നിയമത്തെ കുറിച്ച് വിശദീകരിക്കാൻ ഡൽഹിയിലെ ലജ്പത് നഗറിൽ എത്തിയപ്പോൾ കോളനി നിവാസികൾ ഗോബാക്ക് വിളിച്ചാണ് പ്രതിഷേധിച്ചത്. മൂന്ന് വീടുകളിൽ കയറി നിയമത്തെ കുറിച്ച് വിശദീകരിക്കാനാണ് അമിത് ഷാ എത്തിയത്. ആദ്യ വീട്ടിൽ കയറി വിശദീകരിച്ചതിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് രണ്ട് പെൺകുട്ടികൾ പ്രതിഷേധ മുദ്രാവാക്യവുമായി രംഗത്തെത്തിയത്.
അമിത് ഷാ ഗോബാക്ക്’ വിളിച്ച പെൺകുട്ടികൾ ഒരു ബാനറിൽ ‘ഷെയിം’ എന്ന് രേഖപ്പെടുത്തിയാണ് പ്രതിഷേധിച്ചത്. അപ്രതീക്ഷിത പ്രതിഷേധം ഉയർന്നതിന് പിന്നാലെ യുവതികളും പ്രദേശത്ത് ഉണ്ടായിരുന്ന ബിജെപി പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി. യുവതികൾ തൂക്കിയ ബാനർ ബിജെപി പ്രവർത്തകർ നീക്കുകയും ചെയ്തു. നേരത്തെ കേരളത്തിൽ എത്തിയ കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനോട് നിയമത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ അമിത് ഷായ്ക്കും സമാനമായ സാഹചര്യം നേരിടേണ്ടി വന്നതോടെ ബി.ജെ.പിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
നേരത്തെ പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ കേന്ദ്ര മന്ത്രി കിരൺ റിജ്ജുവിനോട് സാഹിത്യകാരൻ ജോര്‍ജ്ജ് ഓൺക്കൂർ അതൃപ്തി അറിയിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിൽ ഒരു മതത്തെ ഒഴിവാക്കി ആറ് മതങ്ങളെ ഉൾപ്പെടുത്തിയത് ശരിയായില്ലെന്ന് ജോർജ്ജ് ഓണക്കൂർ കിരൺ റിജ്ജുവിനെ അറിയിച്ചു. സംസ്ഥാനത്ത് കിരൺ റിജ്ജുവിന്റെ ആദ്യ ജനസമ്പർക്ക പരിപാടിയായിരുന്നു ജോർജ് ഓണക്കൂറിന്റെ വീട്ടിലേത്. ആദ്യ സന്ദർശനത്തിൽ തന്നെ അതൃപ്തി നേരിടേണ്ടി വന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി.