കോന്നി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഓടിച്ചിരുന്ന യുവാവ് തൽക്ഷണം മരിച്ചു. വി – കോട്ടയം ഇളപ്പുപാറയിൽ ഓംകാരം വീട്ടീൽ ഗോപകുമാരൻ നായരുടെ മരുമകൻ പട്ടാഴി വടക്കേകര രാജ്ഭവനത്തിൽ മഹേഷ് (32) മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഭാര്യ ശിവപാർവ്വതിയെ ഗുരുതര പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെ ചൈനാ മുക്കിന് സമീപം ടി.വി.എം.ആശുപത്രിയ്ക്ക് മുൻപിലായിരുന്നു അപകടം. ശിവപാർവ്വതിയുടെ ഡ്രൈവിംഗ് ലൈസൻസിന് ആവശ്യമായ ഫോട്ടോ എടുക്കുന്നതിനായി ഓട്ടോയിൽ കോന്നിയിലേക്ക് വരുമ്പോൾ ശബരിമല തീർത്ഥാടനം കഴിഞ്ഞ് ചെന്നൈ ശെങ്കൽ പാളയത്തേക്ക് പോവുകയായിരുന്ന മിനി ബസ്സ് അമിതവേഗതയിൽ ഓവർടേക്ക് ചെയ്തു വന്ന് ഓട്ടോറിക്ഷയിൽ ഇടിയ്ക്കുകയായിരുന്നു. ഒട്ടോ ഓടിച്ചിരുന്ന മഹേഷിനെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മരണപ്പെട്ട മഹേഷിന് ഇരുപത്തിയെട്ട് ദിവസം പ്രായം കഴിഞ്ഞ ഒരു പെൺകുട്ടിയുമുണ്ട്.