അഹമ്മദാബാദ്: 2022ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങള്‍ എന്ന പേരില്‍ ടൈം മാഗസിന്‍ തെരഞ്ഞെടുത്ത അന്‍പത് സ്ഥലങ്ങളില്‍ ഇന്ത്യയിലെ കേരളവും അഹമ്മദാബാദും തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷം പങ്കുവെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് ഗുജറാത്തിലെ ജനങ്ങള്‍ക്ക് അഭിമാനിക്കാവുന്ന നിമിഷമാണിതെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിനെ ഇന്ത്യയിലെ ആദ്യത്തെ ലോക പൈതൃക നഗരമായി യുനെസ്‌കോ തെരഞ്ഞെടുത്തിട്ടുണ്ട്. അഹമ്മദാബാദ് ടൈം മാഗസിന്‍ പട്ടികയില്‍ ഇടം നേടിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷാ പ്രകീര്‍ത്തിച്ചു. ‘2001 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങള്‍ ഗുജറാത്തില്‍ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അടിത്തറ പാകി. സബര്‍മതി നദീതീരവും അഹമ്മദാബാദിലെ സയന്‍സ് സിറ്റിയും ഇതിന് ഉദ്ദാഹരണങ്ങളാണ്. അടുത്ത തലമുറയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ ഭാവി സജ്ജമാക്കുന്നതിനും മോദി എപ്പോഴും ഊന്നല്‍ നല്‍കാറുണ്ട്’- അമിതാ ഷാ പറഞ്ഞു.