ദില്ലി: ഖാലിസ്ഥാനി വിഘടനവാദി നേതാവ് അമൃതപാല്‍ സിംഗി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യും. അസമിലെ ജയിലിലെ സെല്ലില്‍ ഒറ്റയ്ക്കാണ് അമൃത്പാല്‍ സിംഗിനെ പാര്‍പ്പിച്ചിരിക്കുന്നത്. പഞ്ചാബ് പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും റോയും ജയിലില്‍ അമൃത്പാലിനെ ചോദ്യം ചെയ്യും. ലണ്ടനിലെ ഇന്ത്യന്‍ എംബസി അക്രമം അന്വേഷിക്കുന്ന എന്‍ഐഎയുടെ സംഘവും അസമിലേക്ക് പോകും. അമൃത്പാലിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്.
അതേസമയം അമൃതപാല്‍ സിംഗിന്റെ അറസ്റ്റിന് വഴിയൊരുക്കിയത്, അകല്‍ തഖ്തിന്റെ മുന്‍ മേധാവിയും ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ അനന്തരവനുമായ ജസ്ബീര്‍ സിംഗ് റോഡാണെന്ന് വിലയിരുത്തല്‍. പഞ്ചാബിലെ മോഗയിലാണ് അമൃത്പാല്‍ അറസ്റ്റിലായത്. അമൃത്പാല്‍ സിംഗ്, റോഡെവാള്‍ ഗുരുദ്വാരയില്‍ കീഴടങ്ങാന്‍ ഒരുങ്ങുന്നതായി വിവരം ലഭിച്ച ജസ്ബീര്‍, രഹസ്യമായി ഈ വിവരം പോലീസിനെ അറിയിച്ചെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.