ഡല്‍ഹി: ക്ഷീര സഹകരണ സംഘങ്ങളെ നിയന്ത്രണത്തിലാക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരേ കോണ്‍ഗ്രസ് എം.പിയും ജനറല്‍ സെക്രട്ടറിയുമായ ജയ്‌റാം രമേശ്. ‘ഒരു രാജ്യം, ഒരു പാല്‍’ എന്ന ബി.ജെ.പി മുദ്രാവാക്യം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളെ നിയന്ത്രിക്കാനുള്ള ധിക്കാരപരമായ നീക്കമാണിതെന്ന് ജയറാം രമേശ് പറഞ്ഞു.
കര്‍ഷകരുടെ നിയന്ത്രണം മാറ്റി സഹകരണ സംഘങ്ങളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ പാര്‍ട്ടി ശക്തമായി എതിര്‍ക്കും. രാജ്യത്തിന്റെ ധവള വിപ്ലവത്തില്‍ നന്ദിനിക്കും അമുലിനും അതിന്റെതായ വിജയഗാഥകള്‍ പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ അമുല്‍ ഉല്‍പ്പന്നങ്ങള്‍ കര്‍ണാടകത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം വന്‍ വിവാദത്തിനിടയാക്കിയിരുന്നു. കര്‍ണാടകത്തിലെ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും ജെ.ഡി.എസും ഇതിനെതിരേ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്.