പത്തനംതിട്ട : 11 മത് ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റില്‍ ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനം നടന്നു. ജില്ല കളക്ടര്‍ എ.നിസാമുദ്ദീന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആയുഷ് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.കൃഷ്ണകുമാര്‍, ഡി.പി.എം.ഡോ.ബ്രിനു, ആയുര്‍വേദദിന പരിപാടി കണ്‍വീനര്‍ ഡോ.ഗംഗാപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യകരമായ ഭക്ഷണവും അത് തയ്യാറാക്കുന്ന വിധവുമടങ്ങിയ ‘ഹിതാഹാരം’ എന്ന റെസിപ്പി ബുക്ക് യോഗത്തില്‍ കളക്ടര്‍ക്ക് കൈമാറി.
ജില്ലയില്‍ ആയുഷ് മേഖലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ചേര്‍ന്നാണ് വിവിധ ഭക്ഷണവിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഇവയുടെ പോഷകഗുണങ്ങളും ആരോഗ്യ പ്രാധാന്യവും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം നടന്നത്. ആയുര്‍വേദത്തിലെ ഹിതാഹാര – പഥ്യാഹാര സങ്കല്‍പ്പങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ ഒരു പരിപാടി നടത്തിയതെന്നും അധികൃതര്‍ പറഞ്ഞു.































