സുല്‍ത്താന്‍ബത്തേരി : നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ പോലീസ് വാഹനത്തിലിടിച്ച് എസ്.ഐ.ക്കും ഡ്രൈവര്‍ക്കും പരിക്ക്. ഹൈവേ പട്രോളിങ് പൊലീസ് വാഹനത്തിലെ എസ്. ഐ. അജയ്കുമാര്‍ (54), ഡ്രൈവര്‍ അനീഷ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിസാര പരിക്കുകളോടെ ഇരുവരെയും ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ മൈസൂര്‍ റോഡില്‍ ഗീതാഞ്ജലി പമ്പിന് സമീപമാണ് അപകടം നടന്നത്.
മുത്തങ്ങ ഭാഗത്തേക്ക് പോകുകയായിരുന്ന പോലീസ് വാഹനത്തില്‍ മൈസൂരു ഭാഗത്ത് നിന്ന് വാഴക്കുലയുമായി വരികയായിരുന്ന പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോലീസ് വാഹനത്തിന്റെ ചക്രവും സൈഡ് മിററും തകര്‍ന്നു. പിക്കപ്പ് വാനിന്റെ ഡ്രൈവറായ നമ്പ്യാര്‍കുന്ന് സ്വദേശി സുധീഷിന്റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.