കൊച്ചി: പൊതുമേഖല സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വകുപ്പിനു കീഴിലുള്ള കിൻഫ്ര കാക്കനാട് നിർമ്മിച്ച ഇന്റർനാഷണൽ എക്‌സിബിഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സർക്കാർ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ച സ്ഥാപനങ്ങളെപ്പോലും ഏറ്റെടുത്ത് മാതൃകാപരമായി പ്രവർത്തിപ്പിക്കാനായി. 24 പൊതുമേഖല സ്ഥാപനങ്ങളെ ഈ സർക്കാർ ലാഭത്തിലാക്കി. 60 സ്ഥാപനങ്ങളുടെ ലാഭം 1,719 കോടിയോളമുണ്ട്.പൊതുമേഖല വ്യവസായങ്ങളുടെ നവീകരണം പുരോഗമിക്കുന്നു.
ഇതിനായി ഈ സാമ്പത്തികവർഷം 270 കോടി മുടക്കി. ഓഡിറ്റിംഗ് സംവിധാനങ്ങളും ശക്തമാക്കുന്നു. ഓരോ കമ്പനിക്കും പ്രത്യേകം മാസ്റ്റർപ്ലാൻ നടപ്പാക്കുന്നുണ്ട്. അഞ്ചു വർഷത്തിനിടെ കേരളത്തിൽ 92,000 കോടിയോളം രൂപയുടെ നിക്ഷേപം വന്നതായാണ് റിപ്പോർട്ട്. അതിൽ 33815 കോടിയുടെ പദ്ധതികൾ പൂർത്തിയായി. അഞ്ചു ലക്ഷത്തോളം തൊഴിലവസരം സൃഷ്ടിക്കപ്പെട്ടു. 12240 കോടിയുടെ പദ്ധതികൾ പുനരുജ്ജീവിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം കേരളം 17.3 ശതമാനം വ്യാവസായിക വളർച്ച കൈവരിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.