കല്‍പ്പറ്റ: ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ കവര്‍ന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍.
ബൈസണ്‍വാലി മുന്‍ പഞ്ചായത്ത് പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ പീര്‍ മുഹമ്മദ് ബാഷ (54)യാണ് അറസ്റ്റിലായത്. കേസില്‍ പ്രതികളും ഇയാളുടെ സുഹൃത്തുക്കളുമായ മൂന്ന് ഇടുക്കി സ്വദേശികള്‍ക്കും എസ്‌റ്റേറ്റ് ഉടമയ്ക്കുമായുള്ള തെരച്ചില്‍ ശക്തമാക്കി. മേപ്പാടി റേഞ്ചിലെ തൊള്ളായിരം കാട്ടിമറ്റം വനത്തില്‍ ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകളാണ് പ്രതികള്‍ മോഷ്ടിച്ചത്. ആനകള്‍ തമ്മില്‍ കുത്തുകൂടിയതിനെത്തുടര്‍ന്ന് പരുക്കേറ്റാണു കൊമ്പന്‍ ചരിഞ്ഞത്. വനത്തില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്ന വിവരമറിഞ്ഞു വനപാലകര്‍ സ്ഥലത്ത് എത്തിയപ്പോഴാണു കൊമ്പുകളില്ലാതെ ആനയുടെ ജഡം അഴുകിയ നിലയില്‍ കണ്ടത്.
കൊമ്പു കണ്ടെത്താന്‍ തൊള്ളായിരം ഭാഗത്തെ തോട്ടം തൊഴിലാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്. കാട്ടാന ചരിഞ്ഞ വിവരം അറിഞ്ഞ പ്രതികള്‍ സംഭവസ്ഥലത്തു പോയിരുന്നെന്ന സൂചനലഭിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ എമറാള്‍ഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍നിന്ന് ആനക്കൊമ്പുകള്‍ സഹിതം പീര്‍ മുഹമ്മദിനെ പിടികൂടുകയായിരുന്നു. ആനക്കൊമ്പ് കടത്താന്‍ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിലെടുത്തു. സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്.