ഡൽഹി : രാജ്യവ്യാപക ലോക്ക് ഡൌണില്‍ വാഴ കർഷകർക്ക് സഹായമാകാന്‍ വേറിട്ട വഴി സ്വീകരിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. മഹീന്ദ്ര ഗ്രൂപ്പിന് കീഴിലുള്ള ഫാക്ടറിയിലെ ജോലിക്കാര്‍ക്ക് ഇനി മുതല്‍ ഭക്ഷണം വിളമ്പുക വാഴയിലയിലാണെന്ന് ആന്ദ് മഹീന്ദ്ര. പ്ലേറ്റുകള്‍ ഒഴിവാക്കാനും ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ലോക്ക് ഡൌണ്‍ മൂലം കഷ്ടപ്പെടുന്ന വാഴക്കര്‍ഷകര്‍ക്ക് സഹായമാകാനുമാണ് തീരുമാനം.
മുന്‍ മാധ്യമ പ്രവര്‍ത്തകനായ പദ്മ രാംനാഥാണ് ഇത്തരമൊരു ആശയത്തിന് പിന്നിലെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ വിശദമാക്കുന്നു. ദിവസ വേതനക്കാരെയും വിളവെടുപ്പ് കാലമായതിനാല്‍ കര്‍ഷകരേയുമാണ് ലോക്ക് ഡൌണ്‍ സാരമായി ബാധിച്ചത്. അതിനാല്‍ അവര്‍ക്ക് ചെറിയൊരു സഹായകരമാകാനാണ് ഈ തീരുമാനമെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കുന്നു. സാമൂഹ്യ അകലം പാലിച്ച് വാഴയിലകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ഫാക്ടറി തൊഴിലാളികളുടെ ചിത്രവും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ചു.