കൊല്ലം : അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ മകനെ വിട്ട് കിട്ടണമെന്ന് ഉത്രയുടെ അച്ഛൻ വിജയസേനന്‍. സൂരജിന്റെ കുടുംബം ക്രിമിനൽ സ്വഭാവം ഉള്ളവരാണാണെന്നും ചെറുമകനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഉത്രയുടെ അച്ഛൻ പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉത്രയുടെ ഭര്‍ത്താവും ഒന്നാം പ്രതിയുമായ സൂരജിനെ യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് വിജയസേനന്റെ പ്രതികരണം.
ആള്‍ക്കൂട്ടത്തെ ഒഴിവാക്കുന്നതിനായി ആരെയും അറിയിക്കാതെയാണ് ഉത്രയുടെ ഭര്‍ത്താവ് സൂരജിനെ തെളിവെടുപ്പിനായി എത്തിച്ചത്. തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങളാണ് ഉത്രയുടെ വീട്ടില്‍ ഉണ്ടായത്. മകളെ കൊന്നയാളെ വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞ് ഉത്രയുടെ അമ്മ അലമുറയിട്ട് കരഞ്ഞു. തെളിവെടുപ്പിനിടെ സൂരജും പൊട്ടി കരഞ്ഞു. ഉത്രയുടെ മുറിയും പരിസരവും പരിശോധിച്ച പോലീസ് പാമ്പിനെ കൊണ്ടുവന്ന പാത്രം കണ്ടെത്തി. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി.
ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിന്റെ പത്തനംതിട്ട പറക്കോട്ടെ കുടുംബവും സംശയത്തിന്റെ നിഴലിലാണ്. ആദ്യം പാമ്പ് കടിയേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ വൈകിയത് അടക്കം ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. കുടുംബത്തിന് പങ്കുണ്ടെന്ന ആരോപണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും.