വിശാഖപട്ടണം: മുന്‍ സൈനികനായ ഭര്‍ത്താവിനെ യുവതി തീകൊളുത്തി കൊന്നു. ആന്ധ്രാപ്രദേശിലാണ് സംഭവം. മുന്‍ സൈനികനായ ശ്രീധര്‍ (36) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടില്‍ നിന്ന് ഓടിപ്പോയ യുവതിക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.
സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം 2022 ല്‍ ശ്രീധര്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ശ്രീധര്‍ വീട്ടില്‍ തിരിച്ചെത്തിയതുമുതല്‍ ഭാര്യ മമതയുമായി (34) വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. ശ്രീധറിന്റെ കുടുംബവീട്ടില്‍ നിന്ന് മാറിത്താമസിക്കുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. ചൊവ്വാഴ്ച വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ ശ്രീധറും ഭാര്യയും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായി. തര്‍ക്കം കഴിഞ്ഞ് ഉറങ്ങുകയായിരുന്ന ശ്രീധറിനെ മമത പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.