തിരുപ്പതി : ആന്ധ്രപ്രദേശിലെ ചരിത്ര പ്രധാനമായ റായല ചെരുവ് ജലസംഭരണിയിൽ വിള്ളലുണ്ടായതിനെ തുടർന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച വളരെ പഴക്കമേറിയ ബണ്ടാണിത്. ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണികൂടിയാണിത്. തിരുപ്പതിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ ദൂരത്തിലാണ് ബണ്ട് സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച പുലർച്ചയോടെയാണ് ബണ്ടിൽ ചോർച്ച തുടങ്ങിയത്. ഉടൻ തന്നെ അധികൃതർ സമീപവാസികൾക്ക് മുന്നറിയിപ്പ് നൽകുകയും 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റാൻ ഉത്തരവിടുകയും ചെയ്തു.
ബണ്ടിൽ നിലവിൽ 0.9 ടിഎംസി അടി വെള്ളമാണ് ഉള്ളത്. 0.6 ടിഎംസി അടി വെള്ളം സംഭരിക്കാനുള്ള ശേഷിയേ ബണ്ടിനുള്ളൂ. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആന്ധ്രപ്രദേശിൽ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിൽ ജലസംഭരണിയിലേക്ക് വെള്ളത്തിന്റെ കുത്തൊഴുക്കാണ്. സമീപകാലത്തായി ആദ്യമായിട്ടാണ് ഇത്രയധികം വെള്ളത്തിന്റെ ഒഴുക്കുണ്ടാകുന്നതെന്ന് അധികൃതർ അറിയിച്ചു.
ആർസി രാമപുരത്തുള്ള സ്വകാര്യ എഞ്ചിനീയറിങ് കോളേജ്, തിരുപ്പതിക്ക് സമീപമുള്ള സ്കൂളുകൾ, ഹോസ്റ്റലുകൾ തുടങ്ങിയ ഇടങ്ങളിലാണ് ഒഴിപ്പിച്ച ഗ്രാമവാസികളെ മാറ്റി താമസിപ്പിച്ചിട്ടുള്ളത്. ഇതിനിടെ ജലസേചന വകുപ്പ് അധികൃതർ ജലസംഭരണിയുടെ തകരാർ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബണ്ടിന്റെ വ്യക്തമായ ചിത്രം ലഭിക്കുന്ന ഡ്രോൺ ക്യാമറയക്കം ഉപയോഗിക്കുന്നുണ്ട്.