കൊല്ലം : വേദനയില്‍ കൂടെ നിന്നവരെ കാണാന്‍ കടല്‍കടന്ന് ആന്‍ഡ്രു എത്തി. മാനസികമായി തകർന്നുപോയ സമയത്ത് കൂടെ നിന്ന കൊല്ലത്തുകാരായ സുഹൃത്തുക്കളെ കാണാനാണ് പുതുവർഷ ആശംസകളുമായി കടൽ താണ്ടി ആൻഡ്രു എത്തിയത് . 2018 മാർച്ചിൽ തിരുവനന്തപുരത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അയർലൻഡ് സ്വദേശി ലിഗയുടെ ഭർത്താവാണു ആൻഡ്രു ജോർദ്ദാൻ. തിരുവനന്തപുരത്തു ചികിത്സയ്ക്കെത്തി കാണാതായ ലിഗയെ തെരഞ്ഞു കേരളത്തിന്റെ തീരദേശ ജില്ലകളിലെല്ലാം ആൻഡ്രു സഞ്ചരിച്ചിരുന്നു.
അന്നു കൊല്ലത്തു തുണയായത് പള്ളിത്തോട്ടം സ്വദേശിയായ പൊതുപ്രവർത്തകൻ അനിൽ അമീർ സുൽത്താനും സുഹൃത്ത് ജോഷ്വ സാമുവലും ഉൾപ്പെട്ട സംഘമായിരുന്നു. പിന്നീടു ലിഗയെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .2019ൽ തന്റെ നന്ദി അറിയിക്കാൻ ആൻഡ്രു കൊല്ലത്തു വന്ന് അനിൽ അമീറിനെയും സുഹൃത്തുക്കളെയും കണ്ടിരുന്നു. ഇത്തവണ അപ്രതീക്ഷിതമായാണു പുതുവത്സര ആശംസകൾ അറിയിക്കാൻ ഇന്നലെ ആൻഡ്രു കൊല്ലത്ത് എത്തിയത്. വൈകിട്ടോടെ മടങ്ങുകയും ചെയ്തു.