ഗുവാഹത്തി: പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ ആദ്യ പരമ്പരയായ ഇന്ത്യ-ശ്രീലങ്ക ടി 20ക്ക് നാളെ തുടക്കമാകും. എന്നാല്‍ നാളെ നടക്കുന്ന മത്സരത്തില്‍ ആശങ്കയിലാണ് ബി സി സി ഐ. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ ബര്‍സാപര സ്റ്റേഡിയത്തിലാണ് ടി20 നടക്കുക. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കലാപ ഭീഷണി നിലനില്‍ക്കുന്നതാണ് ബി സി സി ഐ കുഴപ്പത്തിലാക്കുന്നത്.
കനത്ത സുരക്ഷയാണ് മത്സരത്തിന് ഒരുക്കിയിരിക്കുന്നത്. പേഴ്‌സ്, മൊബൈല്‍, താക്കോല്‍ എന്നിവയല്ലാതെ പോസ്റ്ററുകളുമായോ ബാനറുകളുമായോ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രമണ്‍ ദത്ത അറിയിച്ചു. നാളെ നടക്കുന്ന ആദ്യ ടി20 മത്സരത്തിന് മാറ്റമുണ്ടാകില്ലെന്നും നിശ്ചയിച്ചത് പോലെ നടക്കുമെന്നും നേരത്തെ അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യയും ശ്രീലങ്കയും കളിക്കുക. ഇതില്‍ ആദ്യ മത്സരാണ് ഗുവാഹത്തിയില്‍ നടക്കുന്നത്.